KeralaLatest NewsNews

കുറച്ച് കാലം കഴിഞ്ഞാൽ കാണാം ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില; പെണ്ണിന്റെ അപഥസഞ്ചാരങ്ങൾ തടയാൻ നടന്നത് കൊണ്ടോ ചെമ്പൻ വിനോദിനെ അധിക്ഷേപിച്ചത് കൊണ്ടോ നിങ്ങളുടെ പ്രശ്‌നം തീരില്ല;  കുറിപ്പ് വൈറലാകുന്നു

നടന്‍ ചെമ്പൻ വിനോദിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വൻ അപവാദ പ്രചരണമാണ് നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഷാഫി പൂവത്തിങ്കൽ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത്. തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുതെന്നുള്ള വെറും മനുഷ്യ സഹജമായ കുശുമ്പാണ് ഇക്കൂട്ടർക്കെന്നും അതിന് ആശ്വാസം കണ്ടെത്താനാണ് ഇത്തരം പ്രതികരണങ്ങളെന്നും അദ്ദേഹം കുറിക്കുന്നു. മനസ്സിൽ ആഴത്തിൽ അടിഞ്ഞു കിടക്കുന്നതും വാരിയെറിയാൻ അവസരം കിട്ടുമ്പോഴൊക്കെ വാരിയെറിഞ്ഞു നാലുപാടും നാറ്റിക്കുകയും ചെയ്യുന്ന മാലിന്യങ്ങൾ ആണ് ലൈംഗിക ദാരിദ്ര്യവും അതിന്റെ ഫലമായി പുറത്ത് ചാടുന്ന സദാചാര ബോധവാദങ്ങളുമെന്നും കുറിപ്പിൽ പറയുന്നു.

Read also: മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നു,റേറ്റിങ് കൂടിയപ്പോൾ നടൻ എത്തി; വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

‘അലുവയും മത്തിക്കറിയും’, ‘അച്ഛനും മോളും’, ‘കുറച്ച് കാലം കഴിഞ്ഞാൽ കാണാം ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില’, ‘പരട്ട കെളവന് കല്യാണം’…ചെമ്പൻ വിനോദിന്റെ വിവാഹ വാർത്തയ്ക്ക് കീഴിലെ ,കൊറോണയെ പൊരുതി തോൽപ്പിച്ചു കൊണ്ടിരിക്കുന്ന പ്രബുദ്ധ മലയാളികളുടെ ചില ‘സഭ്യമായ’ പ്രതികരണങ്ങളാണ്. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം പ്രബുദ്ധത എന്നത് സ്വന്തം മാലിന്യം കോരി വൃത്തിയാക്കി അപ്പുറത്തവന്റെ പറമ്പിൽ കൊണ്ടിട്ട് സ്വയം ശുദ്ധനായി നടിക്കലാണ്.

അവരുടെ മനസ്സിൽ ആഴത്തിൽ അടിഞ്ഞു കിടക്കുന്നതും വാരിയെറിയാൻ അവസരം കിട്ടുമ്പോഴൊക്കെ വാരിയെറിഞ്ഞു നാലുപാടും നാറ്റിക്കുകയും ചെയ്യുന്ന മാലിന്യങ്ങൾ ആണ് ലൈംഗിക ദാരിദ്ര്യവും അതിന്റെ ഫലമായി പുറത്ത് ചാടുന്ന സദാചാര ബോധവാദങ്ങളും.

മനുഷ്യർക്ക് പലതരം ഫ്രസ്ട്രേഷനുകൾ ഉണ്ടാകും .അതിൽ മലയാളി സമൂഹത്തിൽ ഏറ്റവും രൂക്ഷമായി നിലനിൽക്കുന്നത് ലൈംഗിക ഫ്രസ്ട്രേഷൻ തന്നെയാണ്.

അതിനുള്ള കാരണം എന്തെന്നാൽ മലയാളികൾക്ക് ലൈംഗികതക്കായി എളുപ്പത്തിൽ ലഭ്യമാകുന്നതും സാമൂഹിക ദൃഷ്ടിയിൽ അംഗീകരിക്കപ്പെട്ടതുമായ ഒരേ ഒരു സാധ്യത വ്യവസ്ഥാപിത വിവാഹം മാത്രമാണ്.ആ വിവാഹത്തിനാണെങ്കിൽ പല ചട്ടക്കൂടുകളുമുണ്ട്.

ആണിന്റെയും പെണ്ണിന്റെയും ജാതി,മതം , പ്രായം, പാരമ്പര്യം സൗന്ദര്യം,തുടങ്ങിയ പല മാനദണ്ഡങ്ങളുടെയും പരിശോധന കഴിഞ്ഞ് മാത്രമേ ആ സ്ഥാപനകത്തു നിന്നും ഒരു ഇണയെ കിട്ടു. അതായത് പല മനുഷ്യരും മേൽ പറഞ്ഞ മാനദണ്ഡങ്ങളിൽ തട്ടി വിവാഹം എന്ന സ്ഥാപനത്തിന് പുറത്തായി പോകാം.ഉദാഹരണത്തിന് പ്രായക്കൂടുതലുള്ള ഒരാണിനോ വിധവയായ ഒരു സ്ത്രീക്കോ ആ വ്യക്തി ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ ലഭിക്കാൻ ആൺ പെൺ ബന്ധത്തിന് വ്യവസ്ഥാപിത വിവാഹത്തെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹത്തിൽ പ്രയാസമാണ്.

പ്രായപൂർത്തിയായ ഒരു വ്യക്തി വിവാഹത്തിനായി(ലൈഗികതക്കായി) നല്ലൊരു പ്രായം തികയുന്നത് വരെ കാത്തിരിക്കുകയും വേണം. കാത്തിരുന്നാൽ തന്നെ ദാമ്പത്യ ലൈംഗികത പല കാരണങ്ങൾ കൊണ്ടും അസംതൃപ്തികളിൽ അകാലചരമം പ്രാപിക്കാനും കാരണങ്ങൾ നിരവധിയാണ്.

വിവാഹേതര ലെഗിറ്റിമേറ്റ് ബന്ധങ്ങളോ ഉത്തരേന്ത്യയിലെ പോലെ വേശ്യാലയങ്ങളോ(ഉത്തരേന്ത്യൻ വേശ്യാലയ മാതൃകകളോട് യോജിപ്പില്ല) കൂടിയില്ലാത്ത കേരള സമൂഹത്തിൽ സ്വഭാവികമായും ഒരു ശരാശരി മലയാളി ലൈംഗിക ഫ്രസ്ട്രേഷൻ അനുഭവിച്ചിലെങ്കിലേ അദ്ഭുതമുള്ളു.

ഇനി വ്യവസ്ഥാപിത വിവാഹത്തിന്റെ ചട്ടക്കൂടുകളെ പൊളിച്ചു കളയാൻ ആത്മവിശ്വാസവും കഴിവുമുള്ള ഒരു ചെമ്പൻ വിനോദോ, അല്ലെങ്കിൽ വ്യവസ്ഥാപിത വിവാഹത്തിന് പുറത്ത് ലിവിങ് റിലേഷൻഷിപ്പോ പ്രണയമോ നയിക്കാൻ കഴിവും ധൈര്യവുമുള്ള മറ്റാരെങ്കിലുമോ പാരമ്പര്യ വഴക്കങ്ങളിൽ നിന്നും വിരുദ്ധമായ ആരോഗ്യകരമായ ഒരു ആൺ-പെൺ ബന്ധം പുലർത്തുന്നത് കണ്ടാൽ മേൽ പറഞ്ഞ ശരാശരി ഫസ്ട്രേറ്റഡ് മലയാളിക്ക് സ്വഭാവികമായും കുരുപൊട്ടും. തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുതെന്നുള്ള വെറും മനുഷ്യ സഹജമായ കുശുമ്പ്!

അതിന്റെ പുറത്ത് നിന്ന് അവർ ഇത്തരം ബന്ധങ്ങളെ സദാചാര നിഷ്ഠ പറഞ്ഞ് ഇല്ലാതാക്കാൻ ശ്രമിച്ച് സ്വയം ആശ്വാസം കണ്ടെത്തും. പക്ഷേ അപ്പോഴും സദാചാര വെറിയൻമാർ അവരുടെ യഥാർത്ഥ പ്രശ്നത്തെ നേരിടുന്നില്ല.They are not treating the cause.

അവരുടെ യഥാർത്ഥ പ്രശ്നം അവരുടെ ഉപബോധ മനസ്സ് ആഗ്രഹിക്കുന്ന തരത്തിലുള്ള ആൺ പെൺ ബന്ധം പുലർത്തുന്നതിന് വേണ്ട കഴിവോ( കഴിവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് mental quality) സാമൂഹിക കീഴ്‌വഴക്കങ്ങളെ പൊട്ടിച്ചെറിയാനുള്ള ആത്മവിശ്വാസമോ അവർക്കില്ല എന്നതാണ്.

അത് കൊണ്ട് തന്നെ സദാചാര വെറിയൻമാരേ, നാല്പത് വീടപ്പുറത്തുള്ള പെണ്ണിന്റെ അപഥസഞ്ചാരങ്ങൾ തടയാൻ നടന്നത് കൊണ്ടോ ചെമ്പൻ വിനോദിനെ അധിക്ഷേപിച്ചത് കൊണ്ടോ നിങ്ങളുടെ യഥാർത്ഥ പ്രശ്നം തീരാൻ പോകുന്നില്ല. നിങ്ങളുടെ പ്രശ്നം നിങ്ങൾക്കുള്ളിൽ തന്നെയാണ്.അതിനുള്ള ആരോഗ്യകരമായ പരിഹാരം നിങ്ങൾ തന്നെ കണ്ടെത്തു.

ചുരുങ്ങിയ പക്ഷം ഒന്ന് പ്രണയിക്കാൻ ശ്രമിക്കൂ..നിങ്ങളേയും ഈ നാടിനെയും രക്ഷിക്കൂ.

ചെമ്പൻ വിനോദിന്റെ കാര്യത്തിൽ സിനിമാക്കാരടക്കം ചേർന്ന് സൃഷ്ടിച്ച് വെച്ചിട്ടുള്ള സിനിമക്കാർ പൊതു സമൂഹത്തിന്റെ സൃഷ്ടിയാണെന്നുള്ള തെറ്റായ ബോധം കൂടി പ്രവർത്തിച്ചിട്ടുണ്ട്. പൊതുമുതലായത് കൊണ്ട് തന്നെ അവർക്ക് സ്വകാര്യതയ്ക്ക് അവകാശമില്ലെന്ന് വിശ്വാസിക്കുന്ന കുറെ അല്പബുദ്ധികളും നമുക്കിടയിലുണ്ട്.

ആ ചീഞ്ഞ ബോധങ്ങളും വലിച്ചെറിഞ്ഞേ തീരു.

നടൻ ചെമ്പൻ വിനോദിനും മറിയം തോമസിനും ഹൃദയം നിറഞ്ഞ വിവാഹാശംസകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button