ന്യൂഡൽഹി: ഇന്ത്യയിലെ പകുതിയിലേറെ കോവിഡ് കേസുകളും പത്ത് പ്രധാന നഗരങ്ങളിൽ. ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഇൻഡോർ, ജയ്പുർ, പുണെ, ഹൈദരാബാദ്, സൂറത്ത്, ചെന്നൈ, താനെ എന്നീ നഗരങ്ങളിൽ മാത്രമായി പതിനയ്യായിരത്തിലേറെ കോവിഡ് ബാധിതരുണ്ട്.
തലസ്ഥാന നഗരമായ ഡൽഹിയിലാണ് രാജ്യത്തെ ആകെ കേസുകളിൽ 12.62 ശതമാനവും. നഗരകേന്ദ്രം എന്ന പരിധിയിൽ ഡൽഹിയിലെ മുഴുവൻ കേസുകളും പരിഗണിക്കുമ്പോഴാണിത്. മുംബൈ രണ്ടാമത് (11.62%). ആഗ്ര, ജോധ്പുർ, ഭോപാൽ, കർണൂൽ, വഡോദര എന്നിവിടങ്ങളിലും രോഗികൾ കൂടുതലാണ്.
അതേസമയം, നിതി ആയോഗിലെ ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിതി ആയോഗ് മന്ദിരം 48 മണിക്കൂർ അടച്ചിടാൻ തീരുമാനിച്ചു. സുപ്രീം കോടതിയിലും കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളും സമ്പർക്കമുണ്ടായ 2 റജിസ്ട്രാർമാരും ക്വാറന്റീനിലാണ്. കഴിഞ്ഞ 16ന് ജോലിക്കെത്തിയ ജീവനക്കാരനാണ് രോഗബാധിതനായത്.
Post Your Comments