കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി നിരവധിയാളുകളാണ് സംഭാവനകള്‍ നല്‍കുന്നത്. ദൈനം ദിന ചിലവിനുള്ള തുക കണ്ടെത്തുന്നവര്‍ അടക്കം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികളും സംഘടനകളും സംഭാവന നല്‍കുന്നു. ഇപ്പോള്‍ ഇതാ സ്വന്തം മകന്‍ മരിച്ചതിന് ലഭിച്ച ധനസഹായത്തില്‍ നിന്നും ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് ഒരു കുടുംബം.
ഒരു വര്‍ഷം മുമ്പാണ് കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാര്‍ഡിലെ വിഷ്ണുഭവനിലെ ശ്യാംലാല്‍ ഷോക്കേറ്റ് മരിച്ചത്. സര്‍ക്കാരിന്റെ ധനസഹായം ശ്യാംലാലിന്റെ കുടുംബത്തിന് ഇന്നലെയാണ് ലഭിച്ചത്. ഇതില്‍ നിന്നുമുള്ള ഒരു വിഹിതമാണ് കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. ഇട്ടിവ ഗ്രാമപഞ്ചായത്ത് അംഗം ബി. ബൈജുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ കൊണ്ടുവന്ന സാലറി ചലഞ്ച് സര്‍ക്കുലര്‍ കത്തിച്ച അധ്യാപക സംഘടനയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചു കൊണ്ടു കൂടിയാണ് ബിജു ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ബി ബൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
‘അവന്റെ ജീവന്റെ പൈസയാ മെമ്പറെ ഇത്, നമ്മള് മാത്രമല്ലല്ലോ നാട് മൊത്തോം പ്രശ്‌നത്തിലിരിക്കുമ്പോ ഇതീന്നൊരു പങ്ക് ഈ നാട്ടിനേല്‍പ്പിച്ചാ അവന്റെ ആത്മാവ് സന്തോഷിക്കും മെമ്പറെ … സഖാവിത് മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയിലേയക്ക് കൊട്’
സത്യത്തില്‍ എന്ത് പറയണമെന്നറിയാത്ത സ്ഥിതിയിലായിപ്പോയി ഇന്ന് ഞാന്‍. ഒരു കൊല്ലം മുമ്പാണ് ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാര്‍ഡിലെ വിഷ്ണു ഭവനിലെ ശ്യാംലാല്‍ ഷോക്കേറ്റ് മരിക്കുന്നത്. പതിനെട്ട് തികഞ്ഞിട്ടെയുണ്ടായിരുന്നു അവന്. ഇന്നലെയാണ് സര്‍ക്കാരിന്റെ ധനസഹായം അവന്റെ വീട്ടുകാര്‍ക്ക് കിട്ടുന്നത്.സ്ഥിതി ദയനീയാവസ്ഥയിലായിട്ടും അതില്‍ നിന്നൊരു 10000 രൂപ ഈ നാടിന്റെ അതിജീവനത്തിനായാണ് മുമ്പിലേക്ക് വെച്ചു നീട്ടിയത്. ആറു ദിവസത്തെ ശമ്പളം പോകുമെന്ന വിഷമത്തില്‍ സര്‍ക്കുലര്‍ കത്തിച്ചവര്‍ക്ക് മുമ്പില്‍ ഈ സാധുക്കള്‍ എത്രയോ വലിയവര്‍. ആ മാതാപിതാക്കളോട് എന്ത് പറയാന്‍; നിങ്ങളുടെ എല്ലാം കരുതലില്‍ ഈ നാട് അതിജീവിക്കുമെന്നല്ലാതെ.
ബി. ബൈജു
ഇട്ടിവ ഗ്രാമ പഞ്ചായത്ത് അംഗം
Post Your Comments