തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കോവിഡ് 19 പ്രത്യേക വാർത്ത സമ്മേളനത്തിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവരെ വിമർശിക്കാനും അപമാനിക്കാനുമുള്ള സ്ഥിരം വേദിയാക്കി പത്രസമ്മേളനത്തെ മാറ്റി, പ്രതിപക്ഷ സംഘടനകളാണ് അദ്ദേഹത്തിന്റെ ഏറ്റവുമൊടുവിലത്തെ ഇരയെന്നു മുല്ലപ്പള്ളി വിമർശിച്ചു.
സർക്കാരിന്റെ ധൂർത്തും പാഴ്ച്ചെലവും അൽപ്പംപോലും കുറയ്ക്കാതെ സാധാരണക്കാരായ സർക്കാർ ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി പിടിച്ചെടുക്കുന്ന സർക്കാർ നടപടിക്കെതിരായായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ഭരണപക്ഷത്തുള്ള സർക്കാർ ജീവനക്കാരും ഇതിൽ പ്രതിഷേധിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി മനസിലാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.എം. ഷാജി എംഎൽഎയെയും പ്രതിപക്ഷ നേതാവിനെയും തന്നെയുമൊക്കെ അപമാനിക്കാൻ വൈകുന്നേരത്തെ പത്രസമ്മേളം മുഖ്യമന്ത്രി ദുരുപയോഗിച്ചിട്ടുണ്ട്. കണ്ണൂരിലെ സിപിഎം നേതാവ് എന്നതിൽ നിന്ന് മുഖ്യമന്ത്രി എന്ന നിലയിലേക്ക് പിണറായി വിജയൻ എന്നു വളരുമെന്നു മുല്ലപ്പള്ളി ചോദിച്ചു.
തിരിച്ചുനൽകാം എന്നു പ്രചരിപ്പിച്ചാണ് സർക്കാർ ശമ്പളം പിടിച്ചെടുത്തത്. എന്നാൽ ഉത്തരവ് ഇറങ്ങിയപ്പോൾ തിരിച്ചടവിനേക്കുറിച്ചു മിണ്ടാട്ടമില്ല. അത് ജീവനക്കാരോടു കാട്ടിയ വഞ്ചനയായി അവർക്കു തോന്നിയാൽ കുറ്റംപറയാനാവില്ലെ. സർക്കാരിന്റെ പ്രതികാര നടപടിക്കു സാധ്യതയുള്ളതിനാൽ അവർ പ്രത്യക്ഷമായി രംഗത്തുവരുന്നില്ല. നേരത്തെ പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇപ്പോഴത്തെ ഭരണകക്ഷി സംഘടനകൾ നടത്തിയിട്ടുള്ള അങ്ങേയറ്റം മ്ലേച്ഛമായ സമരമുറകൾ കേരളം മറന്നിട്ടില്ല. കോവിഡിനെതിരേ രാപകൽ ജീവൻ തൃണവത്ക്കരിച്ചും പോരാടുന്ന ആരോഗ്യപ്രവർത്തകർ, ലോക്ക്ഡൗണ് വിജയിപ്പിക്കാൻ ഒരു മാസത്തോളമായി തെരുവുകളിലുള്ള പോലീസുകാർ, തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളും ജീവനക്കാരും, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ദുരന്തനിവാരണ ഉദ്യോഗസ്ഥർ തുടങ്ങിയ ഒരു വലിയ വിഭാഗം ജീവനക്കാർക്ക് ശന്പളവും അലവൻസും നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണ്. ജീവനക്കാരിൽ നിന്ന് സ്വമനസാലെ വാങ്ങുക എന്നതാണ് ഏറ്റവും നല്ല മാർഗമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments