ബോളിവുഡ് താരം ആമിർ ഖാൻ വിതരണം ചെയ്‌ത ആട്ടയിൽ 15000 രൂപ ഉണ്ടായിരുന്നുവെന്ന രീതിയിലുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഒരു യുവാവിന്റെ ടിക് ടോക് വീഡിയോയാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്. സമാൻ എന്ന യുവാവിന്‍റെ ടിക് ടോക് വീഡിയോയിൽനിന്നാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. ഗോതമ്പ് പൊടിയിൽനിന്ന് പണമെടുത്തുകൊണ്ടായിരുന്നു സമാന്‍റെ വീഡിയോ. ഇതിന് പിന്നാലെ സംഭവത്തെക്കുറിച്ച് വിശദമാക്കി പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂം ലൈവ് രംഗത്തെത്തുകയുണ്ടായി. ഇത് തെറ്റായ വിവരമാണെന്നാണ് ഇവർ വ്യക്തമാക്കിയത്.
ഒരാള്‍ രാത്രിയില്‍ ഒരു ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതം നല്‍കുമെന്ന് അറിയിച്ചു. എന്നാൽ രാത്രിയില്‍ ഒരു കിലോ ആട്ട വാങ്ങാൻ ആര് ക്യൂ നിൽക്കും? അത്രയും പാവപ്പെട്ടവരല്ലേ പോകൂ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളിൽ കണ്ടത് 15000 രൂപയാണ്. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം ലഭിച്ചു. പ്രശസ്തിയാഗ്രഹിക്കാതെ ചെയ്ത ഈ പ്രവർത്തിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നായിരുന്നു സമാൻ വീഡിയോയിൽ പറഞ്ഞത്. അതേസമയം സമാന്റെ ഈ വാക്കുകൾ മറ്റാരെയോ കുറിച്ചായിരുന്നുവെന്നാണ് ബൂം ലൈവ് വ്യക്തമാക്കുന്നത്.
Post Your Comments