ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സില്‍ തങ്ങി നില്‍ക്കുന്ന മത്സരമാണ് 1998ല്‍ ഷാര്‍ജയില്‍ സച്ചിന്‍ കത്തിക്കയറിയ ഷാര്‍ജ കപ്പ് ഫൈനല്‍ പോരാട്ടം. അന്ന് ആ മത്സരം നടന്നത് സച്ചിന്റെ ജന്മദിനമായ ഏപ്രില്‍ 24 ആണ് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. എന്നാല്‍ അന്ന് സച്ചിന്റെ മാത്രമല്ല അദ്ദേഹത്തിനൊപ്പം തന്നെ ജന്മദിനം പങ്കുവെച്ച മറ്റൊരു താരം കൂടിയുണ്ടായിരുന്നു. ഓസ്‌ട്രേലിയയുടെ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഡാമിയന്‍ ഫ്‌ലെമിംഗ്. ആ ജന്മദിനം ഒട്ടും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത താരം കൂടിയാണ് അദ്ദേഹം.
കാരണം അന്ന് സച്ചിന്‍ തലയുയര്‍ത്തി നിന്ന് സംഹാര താണ്ഡവമാടിയപ്പോള്‍ തലകുനിക്കേണ്ടി വന്നത് ഫ്‌ലെമിംഗായിരുന്നു. അന്ന് കളത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവം താരം ഓര്‍ത്തെടുത്തു പറഞ്ഞു. ഇന്നിംഗ്‌സ് പുരോഗമിക്കവേ സച്ചിന് 25ാം ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ടുള്ള ആശംസ സന്ദേശം എത്തിയപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് വലിയൊരു ആരവം ആണുയര്‍ന്നത്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്ന പോലെ സച്ചിന്‍ അടിച്ച് തകര്‍ക്കുവാന്‍ തുടങ്ങി. കളിയുടെ നിയന്ത്രണം ഏറ്റെടുത്ത സച്ചിന്‍ തന്റെ ശതകം നേടിയപ്പോള്‍ നേരത്തെ ഉള്ളതിനെക്കാള്‍ വലിയ ശബ്ദത്തിലുള്ള ആരവമാണുയര്‍ന്നത്.
സച്ചിന്റെ ആ സംഹാര താണ്ഡവത്തില്‍ മത്സരം ഓസ്‌ട്രേലിയയുടെ കൈയില്‍ നിന്നും അകലാന്‍ തുടങ്ങി. പിന്നീടായിരുന്നു ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ആ നിമിഷം വന്നത്. തോല്‍വിയോട് അടുക്കാറായപ്പോള്‍ തനിക്കുള്ള ജന്മദിനആശംസ സ്‌ക്രീനില്‍ തെളിഞ്ഞു. ഏകദേശം പതിനയ്യായിരത്തിന് മേലുള്ള ആളുകള്‍ തന്നെ കൂകി വിളിക്കുവാനായി ഒരുമിച്ച് കൂടിയെന്നും ഫ്‌ലെമിംഗ് പറഞ്ഞു. തന്റെ ജീവിതത്തിലെ മറക്കാനാഗ്രഹിക്കുന്ന എന്നാല്‍ മറക്കാന്‍ കഴിയാത്ത ഒരു ജന്മദിനമായിരുന്നു അത്. അതിനു കാരണക്കാരനായത് അതേ ദിനം ജന്മദിനമായുള്ള ആ ഇരുപത്തിയഞ്ചുകാരനും.
Post Your Comments