ലണ്ടന്‍: ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് ന്യൂനപക്ഷ സമൂഹങ്ങളില്‍ കൂടുതല്‍ മരിച്ചത് ഇന്ത്യന്‍ വംശജര്‍ ആണെന്ന് റിപ്പോർട്ട്. ബ്രിട്ടനില്‍ ഉടനീളമുള്ള വിവിധ ആശുപത്രികളിലെ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നതാണ്. നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് (എന്‍.എച്ച്.എസ്) പുറത്തുവിട്ട കണക്കുപ്രകാരം, ഏപ്രില്‍ 17 വരെ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ മരിച്ചത് 13,918 പേരാണ്. ഇതില്‍ 16.2 ശതമാനം പേര് ഏഷ്യക്കാര്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളാണ്.
ഇന്ത്യന്‍ വംശജരാണ് ഇതില്‍ മൂന്ന് ശതമാനം പേര്. തൊട്ടുപിന്നില്‍ കരീബിയക്കാരാണ്. 2.9 ശതമാനം കരീബിയന്‍ വംശജര്‍ മരണത്തിന് കീഴടങ്ങി. മരിച്ച പാകിസ്താനികളുടെ ശതമാനം 2.1 ആണ്. ചിലയിടങ്ങളിൽ ഹൃദ്രോഗം, പ്രമേഹം, ചില വിറ്റാമിനുകളുടെ കുറവ് തുടങ്ങിയവ കൂടുതലാണെന്നും അതാകാം ഈ വ്യത്യാസത്തിന് കാരണമെന്നും വിദഗ്ധര്‍ കരുതുന്നു. കൂട്ടമായി താമസിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കാത്തതും പ്രശ്നമായി കരുതുന്നു.
കോവിഡ്മൂലം യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരില്‍ പകുതിയും വൃദ്ധസദനങ്ങളിലുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) റീജനല്‍ ഡയറക്ടര്‍ (യൂറോപ്) ഡോ. ഹാന്‍സ് ക്ലൂഗ് പറഞ്ഞു. ഇത് സങ്കല്പിക്കാനാകാത്ത മാനുഷിക ദുരന്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വൃദ്ധസദനങ്ങളില്‍ ജോലിചെയ്യുന്നവരുടെ കാര്യവും കഷ്ടമാണ്. അവര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നവരാണ്. വേണ്ടത്ര സുരക്ഷ സൗകര്യങ്ങളില്ലാതെയാണ് അവര്‍ തൊഴിലെടുക്കുന്നത്. അവരാണ് ഈ രോഗചികിത്സക്കാലത്തെ താരങ്ങള്‍. അവര്‍ക്ക് എല്ലാ സുരക്ഷ ഉപകരണങ്ങളും ഒരുക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ക്ലൂഗ് കൂട്ടിച്ചേര്‍ത്തു.
Post Your Comments