തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ചാരക്കേസ് വിവാദങ്ങൾക്ക് നേതൃത്വം കൊടുത്തവരെന്നും, ചാരക്കേസിന്റെ തനിയാവർത്തവനമാണ് സ്പ്രിങ്ക്ളർ വിവാദമെന്നും കോടിയേരി പറഞ്ഞു.
ഒരു മര്യാദയും സ്വീകരിക്കാത്തവരാണ് കേരളത്തിലെ പ്രതിപക്ഷം. ചാരക്കേസിന്റെ ഘട്ടത്തിൽ കരുണാകരന്റെ മക്കൾക്കെതിരായ ആക്രമണം നടത്തിയതിനു സമാനമാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള ആക്രമണവും. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം സ്പ്രിങ്ക്ളർ വിവാദത്തിന് ഉപകഥയുണ്ടാക്കുകയാണ്. സ്പ്രിങ്ക്ളർ ഇടപാട് അസാധാരണമായ സാഹചര്യത്തിൽ സ്വീകരിച്ച നിലപാടായിരുന്നു. ഇതിന് പാർട്ടിയുടെ പൂർണ പിന്തുണയുമുണ്ട്. സ്പ്രിങ്ക്ളർ ഇടപാടിൽ വിവരങ്ങൾ ചോരുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. പുകമറ സൃഷ്ടിച്ച് പ്രതിപക്ഷം നടത്തുന്ന പ്രചാരവേല ജനങ്ങൾ തള്ളിക്കളയുമെന്നു കോടിയേരി പറയുന്നു.
വിവര സംരക്ഷണം സംബന്ധിച്ച് സിപിഐക്കും സിപിഎമ്മിനും ഒരേനിലപാടാണുള്ളത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി വിഷയം വിശദമായി ചർച്ച ചെയ്തു. ഇനിയും ആശയവിനമയം നടത്തും. പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്തല്ല കരാറിൽ ഏർപ്പെട്ടതെന്നും . കോവിഡ് പ്രതിസന്ധിക്കു ശേഷം സ്പ്രിങ്ക്ളർ ഇടപാട് വിശദമായി പാർട്ടി പരിശോധിക്കും കോടിയേരി വ്യക്തമാക്കി.
Post Your Comments