ന്യൂഡല്‍ഹി: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും കൊറോണ പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മറ്റു കാര്യങ്ങളൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. വിവാദത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം ഇപ്പോള്‍ കൊറോണ പ്രതിരോധമാണെന്നും യെച്ചൂരി പറഞ്ഞു.
ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം ഇതുവരെ ലഭിച്ചിട്ടില്ല. അത് ലഭിച്ച ശേഷം വിഷയം വിശദമായി ചര്‍ച്ച ചെയ്യാമെന്നും യെച്ചൂരി പറഞ്ഞു.അതേസമയം, ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു.
വിവാദം വളരെ ഗൗരവമുള്ളതാണെന്നും ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ ആര്‍ക്കും കൈമാറരുതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വിവരങ്ങള്‍ ചോരില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും രാജ ആവശ്യപ്പെട്ടു.
Post Your Comments