തെന്മല : ജില്ലയുടെ സംസ്ഥാന അതിര്‍ത്തിയായ തെങ്കാശി ജില്ലയിലെ പുളിയങ്കുടിയില്‍ കോവിഡ്-19 സമൂഹവ്യാപനം. തെങ്കാശി ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 31 ആയി. ഇതില്‍ ഇരുപത്തിയെട്ടും പുളിയങ്കുടിയിലാണ്. പുളിയങ്കുടി നഗരസഭയില്‍ പൂര്‍ണമായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തെങ്കാശി പട്ടണവും പൂര്‍ണമായി അടച്ചു. പുളിയങ്കുടിയിലെ വീട്ടില്‍ ബന്ധുവായ യുവാവ് ദുബായില്‍ നിന്നെത്തിയതോടെയാണ് ഇവിടെ രോഗം പകര്‍ന്നത്. രോഗം പിടിപെട്ട ബന്ധുവായ വയോധികന്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തതോടെയാണു സമൂഹ വ്യാപനം ആരംഭിച്ചതെന്നാണു തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിഗമനം.
ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ ക്യാംപ് പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാപിനു നേതൃത്വം നല്‍കുന്നത് ആരോഗ്യവകുപ്പ് ഡപ്യുട്ടി ഡയറക്ടര്‍ രാജയാണ്. 4 ഡോക്ടര്‍, 20 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2 ടീമുകളായി പുളിയങ്കുടിയിലെ ഓരോ വീടുകളിലെത്തി പരിശോധന നടത്തുകയാണ്. രോഗ ലക്ഷണം കാണുന്നവരെ പുളിയങ്കുടിയിലെ ക്യാംപിലെത്തിച്ച് റാപ്പിഡ് ടെസ്റ്റ് നടത്തും.
അതേസമയം, തമിഴ്‌നാട്ടില്‍ പുളിയങ്കുടിയില്‍ ബന്ധുവിന്റെ മരണാന്തരചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ കുളത്തൂപ്പുഴ സ്വദേശിക്കു കോവിഡ് -19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിനു തീരുമാനം. മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ വിവിധ വകുപ്പ് അധികൃതര്‍ അവലോകന യോഗം ചേര്‍ന്നു. കുളത്തൂപ്പുഴയുടെ അതിര്‍ത്തിമേഖലകളായ ഭാരതീപുരം, അരിപ്പ, തെന്മല ഡാം എന്നിവിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു ഗതാഗതത്തിനു പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി
സമീപത്തെ ഗ്രാമപഞ്ചായത്തുകളായ തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലും ഇന്നു സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. മേയ് 20 വരെ ലോക്ഡൗണ്‍ തുടരാനാണു സാധ്യത.
Post Your Comments