ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നതിനിടെ 4000 ത്തോളം ഭീകരരെ ഭീകരനിരീക്ഷണ പട്ടികയില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിവാക്കിയതായി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെയുള്ള 4000 ത്തോളം ഭീകരരുടെ പേരാണ് പാക്കിസ്ഥാന്‍ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ കാസ്റ്റെല്ലം ആണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഭീകരരെ സഹായിക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) ജൂണില്‍ പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുനരവലോകനം നടത്താനിരിക്കെയാണ് 3800 ഭീകരരുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളിലാണ് യാതൊരു വിശദീകരണവും നല്‍കാതെ ഇത്രയും പേരെ ഭീകരനിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ മാര്‍ച്ച് 9-നു ശേഷം മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തയിബ നേതാവുമായ സക്ക ഉര്‍ റഹ്മാന്‍ (സക്കിഉര്‍ റഹ്മാന്‍ ലഖ്വി) ഉള്‍പ്പെടെ 1800 പേരെയാണ് പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്ന് കാസ്റ്റെല്ലത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എഫ്എടിഎഫിന്റെ കണക്കനുസരിച്ച് 2018 ഒക്ടോബറില്‍ 7600 പേരാണ് പാക്കിസ്ഥാന്റെ പട്ടികയില്‍ ഉണ്ടായിരുന്നത്. മാര്‍ച്ച് 9 നും 27 നും ഇടയില്‍ ഇമ്രാന്‍ സര്‍ക്കാര്‍ 1069 പേരുകളാണ് ഒഴിവാക്കിയത്.
Post Your Comments