Latest NewsNewsBusiness

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് എണ്ണ വില കൂപ്പുകുത്തി : യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴെ : എണ്ണവില പരിധിവിട്ട് ഇടിഞ്ഞതിനു പിന്നില്‍ ഇന്ത്യയും ചൈനയും

ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് എണ്ണ വില ഇടിഞ്ഞു. യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴെ. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് എണ്ണവില ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. എണ്ണ സംഭരണം പരിധി വിട്ടതോടെയും അതേസമയം ഉല്‍പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കാത്തതോടെയുമാണ് വില താഴേക്ക് പോയത്. -37.63 ഡോളറിലേക്കാണ് വില താഴ്ന്നത്.

Read Also : കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 1,70,000 പിന്നിട്ടു; ഭീതിയോടെ ലോകം

ചരിത്രത്തില്‍ ആദ്യമായാണ് എണ്ണ വില ഇത്രയും താഴുന്നത്. കോവിഡിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എണ്ണ ഉപഭോഗത്തില്‍ വലിയ കുറവ് നേരിട്ടിരുന്നു. ഇതോടെ ആഗോള എണ്ണ വിപണി ആശങ്കയിലായി. പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചു നിര്‍ത്താനായില്ല. യുഎസിലെ പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുകയാണ്. റിഫൈനറികളിലെ പ്രവര്‍ത്തനത്തിനും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ എണ്ണ ഉല്‍പാദകരും വാങ്ങാന്‍ ആളില്ലാതായതോടെ പ്രതിസന്ധിയിലായി. ഇന്ധന വിലത്തകര്‍ച്ച എല്ലാ മേഖലയെയും ബാധിക്കുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ മാര്‍ക്കറ്റുകളും വിലത്തകര്‍ച്ചയോടെയാണ് അവസാനിപ്പിച്ചത്. ലോകത്താകമാനമുള്ള സംഭരണകേന്ദ്രങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. പ്രധാന രാജ്യങ്ങളിലെ സമ്പദ് ഘടന ചുരുങ്ങുകയാണെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു. ലോകത്തെ പ്രധാന എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈനയും ഇന്ത്യയും എണ്ണ ഇറക്കുമതി ചുരുക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button