
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക് കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞാഴ്‌ച മൂന്നരദിവസം എന്ന നിരക്കിലായിരുന്നു കേസുകള്‍ ഇരട്ടിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് ഏഴര ആയി കുറഞ്ഞെന്നാണ് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്‌തമാക്കിയത്. ഇന്ത്യയിലെ 18 സംസ്‌ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. കേരളത്തില്‍ കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നത് 72.2 ദിവസങ്ങള്‍ കുടുമ്പോളാണ്.
39.8 ദിവസം എന്ന നിരക്കുള്ള ഒഡീഷയാണ് കേരളത്തിന് തൊട്ടുപിന്നില്‍. രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇതു വളരെയധികം ആശങ്കാജനകമായ കാര്യമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ (ഐ.സി.എം.ആര്‍) മുതിര്‍ന്ന ശാസ്‌ത്രജ്‌ഞന്‍ ഡോ. രമണ്‍ ഗംഗാഖേദ്‌കര്‍ പറഞ്ഞു. തിരിച്ചറിയാന്‍ പറ്റാത്ത രോഗികള്‍ ഉണ്ടാവാം.പോസിറ്റീവ് ആയവരുടെ കോണ്‍ടാക്‌ടുകള്‍ ട്രേസ് ചെയ്‌ത് മാത്രമേ ഇവ കണ്ടെത്താനാകൂ.
എല്ലാവരേയും ടെസ്‌റ്റ് ചെയ്യുക എന്നത് ഏതാണ്ട്‌അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നുവെന്നും ആരോഗ്യമന്ത്രാലം അറിയിച്ചു. നിലവില്‍ ഇതുവരെ 17265 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 14,175 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 3090 പേര്‍ വിവിധ ക്യാമ്പുകളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്.
24 മണിക്കൂറിനുളളില്‍ 36 മരണങ്ങളുണ്ടായി.ആകെ മരണം 543.24 മണിക്കൂറിനിടെ 1,553 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്. നേരത്തെ ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത ഗോവയില്‍ എല്ലാവരും സുഖം പ്രാപിച്ചതായും കോവിഡ് മുക്‌തമായ ആദ്യ സംസ്‌ഥാനമായി ഗോവ മാറിയെന്നും അഗര്‍വാള്‍ പറഞ്ഞു.
Post Your Comments