
പത്തനംതിട്ട: കൊടുമണില്‍ പത്താം ക്ലാസുകാരനെ സഹപാഠികള്‍ എറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയതിന് കാരണമായത് പബ്‌ജി കളിച്ചതിനെ തുടർന്നുണ്ടായ തർക്കമാണെന്നു സൂചന. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് – മിനി ദമ്പതികളുടെ മകന്‍ അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ് അഖില്‍. ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നിനും മൂന്നിനും ഇടയിലാണ് കൊലപാതകം നടന്നത്. അങ്ങാടിക്കല്‍ വടക്ക് സ്വദേശിയും കൊടുമണ്‍ മണിമലമുക്ക് സ്വദേശിയും ചേര്‍ന്നാണ് കൊല നടത്തിയത്.
ആസൂത്രിതമായിരുന്നു കൊലപാതകം. രാവിലെ വീട്ടില്‍ നിന്നുംഅഖിലിനെ വിളിച്ചു കൊണ്ടു പോവകയായിരുന്നു പ്രതികള്‍ എന്നാണ് ബന്ധുക്കളുടെ ആരോപണം.പ്രതികള്‍ രണ്ടും ഇതേ സ്‌കൂളില്‍ 10-ാം ക്ലാസില്‍ പഠിക്കുകയാണ്.നേരത്തെ പ്രതികളില്‍ ഒരാളെ അഖില്‍ സോഷ്യല്‍ മീഡിയ വഴി കളിയാക്കിയതായി പൊലീസ് പറഞ്ഞു. ഇതാണ് കൊലക്ക് കാരണമായത്.വിജനമായ പറമ്പില്‍ വെച്ച് ഇരുവരും ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്‌ത്തി. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി.
ഇതിന് ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. ദൂരെ നിന്നും മണ്ണു കൊണ്ടു വന്ന് കുഴിമൂടി. റബര്‍ തോട്ടത്തില്‍ സംശയകരമായ സാഹചര്യത്തില്‍ ഇവരെ നാട്ടുകാരന്‍ കണ്ടു. ഇയാള്‍ മറ്റു ചിലരെയും കൂട്ടി സ്ഥലത്ത് എത്തി. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ നടന്ന കാര്യം ഇവര്‍ പറഞ്ഞു. വിവരം അറിഞ്ഞ് ഉടന്‍ പൊലീസും സ്ഥലത്തെത്തി. പ്രതികള്‍ തന്നെ മണ്ണ് മാറ്റി മൃതദേഹം പുറത്തെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Post Your Comments