KeralaLatest NewsNews

ചൈനയിലാകാമെങ്കില്‍ കേരളത്തിലുമാകാം: കോവിഡ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കാന്‍ റോബോട്ട് :കണ്ട് സംസാരിക്കാനുള്ള സംവിധാനവും

തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍. രോഗ വ്യാപനമുണ്ടാകുന്നതിനാല്‍ പി.പി.ഇ. കിറ്റുള്‍പ്പെടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താന്‍ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കില്‍ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടും രംഗത്തെത്തിയത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ‘നൈറ്റിംഗല്‍-19’ രൂപകല്‍പന ചെയ്തത്. ചൈനയേക്കാള്‍ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാവുന്നതാണ്.

6 പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്‍കിയാല്‍ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും വേറെന്തെങ്കിലും ആവശ്യമുണ്ടോന്ന് അറിയാനും കഴിയും. ഓരോ തവണത്തെ യാത്രയ്ക്ക് ശേഷവും റോബോട്ടിനെ അണുവിമുക്തമാക്കിയതിന് ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്.

ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം റോബോട്ടിന്റെ വീഡിയോ സംവിധാനം വഴി തിരുവനന്തപുരത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് ബാധിച്ച ചെറുവാഞ്ചേരിയിലെ കുടുംബാഗങ്ങളുമായി റോബോട്ട് വഴി മന്ത്രി സംസാരിച്ചു. അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും മികച്ച ചികിത്സ ഉറപ്പു വരുത്തിയതായി അറിയിക്കുകയും ചെയ്തു.

കണ്ണൂര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായിക്, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ലതീഷ്, ജില്ല സര്‍വയലന്‍സ് ഓഫീസര്‍ ഡോ. ഷാജ്, ജില്ലാ കോവിഡ് സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ. അജിത്കുമാര്‍ എന്നിവര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററില്‍ നിന്നും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button