വാഷിങ്ടൻ: അമേരിക്കയിൽ കോവിഡ് കൂട്ട മരണങ്ങൾ തുടരുമ്പോൾ രാഷ്ടീയപ്പോരുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിലെ ഉൾപ്പെടെ ഡെമോക്രാറ്റിക് പാർട്ടിക്കാരായ ഗവർണർമാരുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണു റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപിന്റെ രൂക്ഷമായ വിമർശനങ്ങൾ.
ഡെമോക്രാറ്റുകാരായ ഗവർണർമാർ ഭരിക്കുന്ന മിനസോട്ട, വെർജീനിയ, മിഷിഗൻ എന്നിവിടങ്ങളിൽ ലോക്‌ഡൗൺ അയവുകൾക്കായി ആളുകൾ സംഘടിതമായി രംഗത്തിറങ്ങണമെന്നാണു പ്രസിഡന്റ് ആഹ്വാനം ചെയ്തത്. ഇത്തരം പ്രതിഷേധ സമരങ്ങൾ പല സംസ്ഥാനങ്ങളിലും മുള പൊട്ടിയിട്ടുണ്ട്. ആഭ്യന്തര കലാപമുണ്ടാക്കാനും നുണ പ്രചരിപ്പിക്കാനുമാണു ട്രംപിന്റെ ശ്രമമെന്നു വാഷിങ്ടൻ ഗവർണർ ജേ ഇൻസ്‌ലീ ആരോപിച്ചു. സംസ്ഥാനങ്ങളിലെ ലോക്‌ഡൗൺ ഘട്ടം ഘട്ടമായി നീക്കുന്ന പ്രക്രിയ വേഗത്തിലാക്കാനും ബിസിനസുകളെല്ലാം എത്രയും പെട്ടന്നു പുനരാരംഭിക്കാനും തിടുക്കം കൂട്ടുന്ന ട്രംപിന്റെ ‘ലിബറേറ്റ്’ ട്വീറ്റുകളാണ് ഏറ്റവും പുതിയ വിവാദം.
ഓരോ സംസ്ഥാനത്തെയും ലോക്‌ഡൗൺ ഇളവുകൾ ഗവർണർമാർ സ്വന്തം നിലയിൽ നടപ്പാക്കിത്തുടങ്ങി. ബീച്ചുകളും പാർക്കുകളും സുരക്ഷ ഉറപ്പാക്കി തുറന്നു കൊടുക്കാൻ ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസ് നിർദേശം നൽകി. ടെക്സസ്, മിഷിഗൻ ഗവർണർമാരും സമാന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
Post Your Comments