2020 മാര്‍ച്ച് 25 : 598 ബാറുകള്‍, 357 ബിയര്‍ പാര്‍ലറുകള്‍, 301 ബെവ്‌കോ ഔട്‌ലറ്റുകള്‍ അനേകശതം കള്ളുഷാപ്പുകള്‍ എന്നിവ ഒറ്റയടിക്ക് പൂട്ടപ്പെട്ടു. മദ്യലഭ്യത പെട്ടന്ന് ഇല്ലാതെയാകുമ്ബോള്‍ അനേക ദുരന്തങ്ങള്‍ (വ്യാജമദ്യദുരന്തങ്ങള്‍, ആത്മഹത്യകള്‍, മനോവിഭ്രാന്തികള്‍, അക്രമങ്ങള്‍) കേരളത്തില്‍ സംഭവിക്കാം എന്ന് പ്രവചിക്കപ്പെട്ടു. കോവിഡ് പ്രതിരോധത്തില്‍ സ്വര്‍ണ്ണ മെഡലിലേക്കുള്ള കുതിപ്പിനെ ഈ വക പ്രശ്‌നങ്ങള്‍ തടസ്സപ്പെടുത്താം എന്ന വിലയിരുത്തല്‍ വിവിധതലത്തില്‍ ഉണ്ടായി.
പക്ഷേ, ദുരന്ത പ്രവാചകന്മാരെ നിരാശരാക്കി പിന്‍മാറ്റ ലക്ഷണങ്ങളുടെ പരമാവധി കാലാവധിയായ രണ്ടാഴ്‌ച കടന്നുപോയി – വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ. ഏതാണ്ട് ആയിരത്തില്‍ താഴെ മാത്രം വരുന്ന രോഗികള്‍ക്കാണ് തീവ്ര പിന്‍മാറ്റലക്ഷണങ്ങള്‍ക്ക് ചികിത്സവേണ്ടി വന്നത് – അതും പൂജ്യം ശതമാനം മരണനിരക്കോടെ! (ഡി.ടി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ മസ്‌തിഷ്‌ക പ്രതികരണത്തിന്റെ ശരാശരി മരണനിരക്ക് 10-15% വരെ എന്ന് അറിയുക). കൊറോണ പ്രതിരോധത്തിന്റെ ബഹളത്തില്‍ ശ്രദ്ധിക്കപ്പെടാതെപോയ ഈ നേട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മാനസിക ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്കും കൊടുക്കാം ഒരു കൈയടി!
കണക്കുകള്‍ കബളിപ്പിക്കുന്നോ?
ബീവറേജിന്റെ മുമ്ബിലെ നീണ്ട ക്യൂ, ബാറുകളിലെ തിരക്ക്, മദ്യത്തില്‍ നിന്നും സര്‍ക്കാരിനു കിട്ടുന്ന ശതകോടികളുടെ വരുമാനം ഇവയുമായി ഒന്നും ചേര്‍ന്നുപോകുന്നില്ലല്ലോ?. കേവലം 1000 പേര്‍ക്കു മാത്രമേ ചികിത്സ വേണ്ടി വന്നുള്ളു എന്ന സ്‌ഥിതിവിവരം?
കേരളത്തില്‍ നടന്ന പഠനങ്ങള്‍ കാണിക്കുന്നത് 18 നും 65 നും ഇടയ്‌ക്ക് പ്രായമുള്ള പുരുഷന്മാരില്‍ മദ്യത്തിനോടുള്ള ആസക്‌തി 2.4 % പേര്‍ക്കും, മദ്യത്തിന്റെ ദുരുപയോഗം (ആല്‍ക്കഹോള്‍ അബ്യൂസ്) 1.2% പേര്‍ക്കും എന്നാണ്. അതായത് കൃത്യമായ എണ്ണത്തിലേക്ക് മാറ്റിയാല്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ആസക്‌തി, ഒന്നര ലക്ഷം പേര്‍ക്ക് ദുരുപയോഗം. ബഹുഭൂരിപക്ഷം വരുന്ന ബാക്കിയുള്ളവര്‍ സോഷ്യല്‍ ഡ്രിങ്കിങ് എന്ന സേഫ്‌സോണില്‍ (അങ്ങനെയൊന്നുണ്ടോ സ്‌ഥിരമായി എന്ന് തര്‍ക്കിക്കാം) നില്‍ക്കുന്നു എന്ന് കരുതാം. പക്ഷെ നാലരലക്ഷം (എന്ന് വെച്ചാല്‍ നാലരലക്ഷം കുടുംബങ്ങള്‍) അപകടമേഖലയിലാണ്. ഈ 4.5 ലക്ഷത്തില്‍ ആയിരം പേര്‍ക്ക് മാത്രമായിരുന്നോ ചികിത്സ? മദ്യാസക്‌തി രോഗമാണെന്ന് പറഞ്ഞ് ഇത്രയുംകാലം ഈ വിദഗ്‌ധര്‍ നമ്മെ കബളിപ്പിക്കുകയായിരുന്നോ? അല്ല!
ഈ ആയിരത്തിന്റെ ഏതാനും മടങ്ങ് ആളുകള്‍ ഔട്‌പേഷ്യന്റ് ആയി ചികിത്സ തേടി പിന്മാറ്റക്കാലം വലിയ കുഴപ്പമില്ലാതെ കഴിച്ചിലാക്കിയിട്ടുണ്ടാവാം. ഇവരും ഏതാനും ആയിരങ്ങള്‍ മാത്രമേ വരൂ എന്ന് ഡോക്‌ടര്‍ കൂട്ടായ്‌മകളിലെ വിവരങ്ങള്‍ വെച്ച് ഊഹിക്കാം. കൃത്യം കണക്ക് ലഭ്യമല്ല.
എവിടെപോയി ബാക്കിയുള്ളവര്‍?
ദോഷൈകദൃക്കുകള്‍ പറയുമായിരിക്കും – “അവര്‍ എവിടെനിന്നെങ്കിലും വ്യാജന്‍ അടിക്കുന്നുണ്ടാകും. അരിഷ്‌ടം സേവിക്കുന്നുണ്ടാകും” എന്നൊക്കെ. ഉണ്ടാകാം എന്നല്ലാതെ വളരെ വ്യാപകമായി വ്യാജന്റെ വിളയാട്ടം ഉണ്ടാകാന്‍ കേരളത്തില്‍ സാധ്യതയില്ല. “ഇപ്പോള്‍ മനസിലായില്ലെ ഇതൊക്കെ ഇവന്റെ വെറും അഹങ്കാരമായിരുന്നു എന്ന്, ദാ കിട്ടാതെ വന്നപ്പോള്‍ കുടി നിന്നു, അത്രയേ ഉള്ളൂ അവന്റെയൊക്കെ അഡിക്ഷന്‍” എന്നിങ്ങനെയുള്ള കമന്റുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ക്രൂരമാണ് ഇത്തരം കമന്റുകള്‍! അവരുടെ മനസിപ്പോഴും ആശിക്കുകയാണ് “ബാറൊന്നു തുറന്നിരുന്നെങ്കില്‍”, “ഓണ്‍ലൈനായെങ്കിലും കിട്ടിയിരുന്നെങ്കില്‍”. മദ്യത്തിന്റെ ലഭ്യത വീണ്ടും ഉണ്ടാകുന്ന മുറയ്‌ക്ക് എല്ലാം പഴപടി ആകുമോ? ആകാന്‍ നമ്മള്‍ അനുവദിക്കാമോ?
അവിടെയാണ് പ്ലാറ്റിനം മെഡല്‍!
കേരളത്തില്‍ മൂന്ന് ലക്ഷത്തോളം ഭവനങ്ങളില്‍ ലോക്‌ഡൗണ്‍ ആശ്വാസത്തിന്റെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ കാലഘട്ടമാണ്. “നശിച്ച ഈ കുടി മാറി കിട്ടിയല്ലോ” എന്ന് ആശ്വസിക്കുന്ന കുടുംബിനിമാരും “എത്രശ്രമിച്ചിട്ടും സാധിക്കാതെയിരുന്ന എന്റെ കുടി മാറി കിട്ടിയല്ലോ” എന്ന് ചിന്തിക്കുന്ന മദ്യാസക്‌തരും കേരളത്തിലുണ്ട്, അനേകായിരങ്ങള്‍. അവരില്‍ ഭൂരിപക്ഷവും ബാറിലേക്കും ബെവ്‌കോ ക്യൂവിലേക്കും മടങ്ങാതിരുന്നാല്‍ നമ്മള്‍ നേടി, പ്ലാറ്റിനം മെഡല്‍.
എല്ലാവരും ഡിഅഡിക്‌ടഡ് ആയില്ലേ? ഇനി എന്താണ് ചികിത്സ?
ഇല്ല – രണ്ടുമൂന്ന് ആഴ്‌ച, മദ്യത്തിന്റെ ഒരു തന്മാത്ര പോലും തലച്ചോറിലേക്ക് എത്താത്തപ്പോള്‍ സംഭവിക്കുന്നത് ഡി ടോക്‌സിഫിക്കേഷനാണ്, ഡി അഡിക്‌ഷനല്ല. ഡി ടോക്‌സിഫിക്കേഷന്‍ (ഒട്ടും ആഗ്രഹിക്കുകയോ പരിശ്രമിക്കുകയോ ചെയ്യാതെതന്നെ) നടന്നു കഴിഞ്ഞു. മദ്യം കിട്ടാതെ വന്നപ്പോള്‍ തലച്ചോര്‍ ചില പ്രതിഷേധ പ്രകടനമൊക്കെ നടത്തിനോക്കി – വിറച്ചു, ഉറക്കം കിട്ടാതെ അസ്വസ്‌ഥനായി, ശരീരം വിയര്‍ത്തു, ഭയങ്കര ദു:സ്വപ്‌നങ്ങള്‍ കണ്ടു, ഓക്കാനിച്ചു. ചികിത്സയെടുത്തോ അല്ലാതെയോ (ഭൂരിപക്ഷം പേരിലും ചികിത്സയില്ലാതെ സ്വാഭാവിക രീതിയില്‍ കെട്ടടങ്ങി) ഈ പിന്മാറ്റ ലക്ഷണങ്ങള്‍ ശമിച്ചു. പക്ഷേ ഇത്‌കൊണ്ട് ഡി അഡിക്‌നായിട്ടില്ല; മഴപെയ്‌തൊഴിഞ്ഞാലും മരം പെയ്‌തുകൊണ്ടിരിക്കും. പിന്മാറ്റ ലക്ഷണങ്ങളുടെ കൊടുംകാറ്റടങ്ങി – പക്ഷേ മദ്യത്തിനോടുള്ള ആഗ്രഹവും ആകര്‍ഷണവും തലച്ചോറില്‍ ഇപ്പോഴും ശക്‌തമായി നിലനില്‍ക്കുന്നു. അത് തുടരാം – മാസങ്ങളോളം, ഒരുപക്ഷേ വര്‍ഷങ്ങളോളം. മദ്യം ലഭ്യമാകുന്ന സാഹചര്യം വരുമ്ബോള്‍ മസ്‌തിഷ്‌കത്തില്‍ ഇപ്പോള്‍ മുനിഞ്ഞു കത്തുന്ന ഈ തീ ആളി കത്താം. ഇവിടെയാണ് ചികിത്സവേണ്ടത്. ഇല്ലത്ത് നിന്നും പുറപ്പെട്ട് എന്ന് പറഞ്ഞിട്ട് കാര്യല്ല്യാലോ അമ്മാത്ത് എത്തുകതന്നെ വേണമല്ലോ?
അമ്മാത്തേക്കുള്ള വഴി
താത്‌കാലികമായി ശമിച്ചിരുന്ന മദ്യപാനം സ്‌ഥിരമായ ഒരു വിടുതലിലേക്ക് എത്തിക്കാന്‍ കഴിയുമോ നമുക്ക്? മദ്യം വീണ്ടും ലഭ്യമാകുന്നതിന് മുമ്ബുള്ള ഈ സുവര്‍ണാവസരം ഉപയോഗിച്ചാല്‍ 40-50% വരെ മദ്യാസക്‌തര്‍ക്ക് മദ്യമുക്‌തിയിലേക്കുള്ള വഴി തുറന്ന് കിട്ടും. ഒരു ശുഭാക്‌തി വിശ്വാസക്കാരന്റെ കണക്കല്ല പഠനങ്ങള്‍ കാണിക്കുന്ന അക്കങ്ങളാണ്.
മനുഷ്യ സമ്ബര്‍ക്കം കുറഞ്ഞ് ഗംഗാനദി ശുദ്ധമായി ഒഴുകുന്നു എന്നതുപോലെ മദ്യസമ്ബര്‍ക്കമില്ലാതെ ഇതാ മനുഷ്യ മസ്‌തിഷ്‌കം ഏറെ കുറെക്ല ീനായി കിടക്കുന്നു! മോട്ടിവേഷന്‍ (മദ്യമുക്‌തനാകണമെന്നുള്ള ഉള്‍പ്രേരണ) എന്ന വിത്തിറക്കാന്‍ പാകത്തില്‍ മനസ്സെന്ന കൃഷിയിടം ഒരുങ്ങിക്കിടക്കുന്നു. മദ്യമില്ലാതെയും ജീവിക്കാന്‍ കഴിയും എന്ന തിരിച്ചറിവ്, മദ്യരഹിതമായി ഭാര്യയോടും മക്കളോടും ഒത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ പങ്കുവയ്‌ക്കാന്‍ കഴിയുന്നു എന്ന അനുഭവം.
(ഈ അനുഭവം കൊടുക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണേ – കുത്തുവാക്കുകള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള സമയമല്ല ഇത്!) മദ്യം കഴിച്ചില്ലെങ്കില്‍ ഉണ്ടാകുമെന്ന് വിചാരിച്ചിരുന്ന അസ്വസ്‌ഥതകളുടെ താനെയുള്ള ശമനം, മദ്യത്തിന് ചിലവാക്കിയിരുന്ന പണം കൈയില്‍ വരുന്ന സമ്ബാദ്യമായി മാറുന്ന കണക്കുകൂട്ടലുകള്‍ (ഏകദേശം പതിനായിരം രൂപ പ്രതിമാസം!) – ഇവയെ മോട്ടിവേഷനാക്കി മാറ്റേണ്ട സമയമാണിത്. ലോക്‌ഡൗണ്‍ കാലഘട്ടം.
ഈ ജോലി ഇപ്പോള്‍ ചെയ്‌താല്‍ നമുക്ക് നേടിയെടുക്കാം ഈ പ്ലാറ്റിനം മെഡല്‍.
ആരുചെയ്യും, എങ്ങനെ ചെയ്യും ഈ ജോലി?
1. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഈ ഘട്ടത്തില്‍ കാര്യങ്ങള്‍ ഏറെകുറെ നിയന്ത്രണാധീനമാണ്, അടുത്ത ഒരു വേവ് ഉണ്ടാകുന്നതിന് മുന്‍പുള്ള ഒരു ആശ്വാസ കാലഘട്ടമാണ് നമ്മുടെ സംസ്‌ഥാനത്ത്. ആ സ്‌ഥിതിക്ക് ഇതിനുള്ള ആലോചനകള്‍ നമ്മുടെ സര്‍ക്കാറിന്റെ യുദ്ധമുറിയില്‍ (വാര്‍ റൂം) തന്നെ തുടങ്ങണം.
2 മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും തന്നെ ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളോടും ജനങ്ങളോടും പറയുന്നത് ഫലപ്രദമാകും.
3. ആരോഗ്യ മേഖലയും എക്‌സൈസ് പോലീസ് വകുപ്പുകളും സന്നദ്ധ സേവകരും
മാധ്യമങ്ങളും വ്യാപകമായ രീതിയില്‍ ബോധവത്‌കരണം നടത്തണം. ഈ രംഗത്തെ വിദഗ്‌ദരായ മാനസികാരോഗ്യപ്രവര്‍ത്തകര്‍ ഇതിന് മുന്‍കൈ എടുക്കണം.
4. ഡെഡിക്കേറ്റഡ് ടെലിഫോണ്‍ ഹെല്‍പ് ലൈനുകള്‍ ഈ വിഷയം കൈകാര്യം ചെയ്യണം.
5. മദ്യാകര്‍ഷണം ശക്‌തമായി തുടരുന്നവര്‍ക്ക് വിമുക്‌തി ചികിത്സക്കായുള്ള സംവിധാനങ്ങള്‍ സജ്‌ജവും കാര്യക്ഷമവുമാക്കണം. ഇന്ത്യന്‍ സൈക്കാട്രിക് സൊസൈറ്റി, ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍, ഗ്യാസ്‌ട്രോ എന്ററോളജി ഡോക്‌ടര്‍മാരുടെ സംഘടന എന്നിവര്‍ ചേര്‍ന്ന പ്രോട്ടോക്കോള്‍ തയ്യാറാക്കാം.
6. മദ്യലഭ്യത വീണ്ടും ആരംഭിക്കുമ്ബോള്‍ അതിനെ വിമുക്‌തി ചികിത്സയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് വിദഗ്‌ധരുമായി ആലോചിക്കാം.
7. തങ്ങള്‍ക്കനുഭവപ്പെടുന്ന വിഷാദത്തിന്റെയും ഉത്‌കണ്‌ഠയുടെയും ശാരീരിക അസ്വസ്‌തതകളുടെയും ഉറക്കകുറവിന്റെയും ഒക്കെ ശമനത്തിനായി സ്വയം കണ്ടുപിടിച്ച ഔഷധമായി മദ്യം കഴിക്കുന്ന അനേകരുണ്ട്. അവര്‍ക്കും അവരുടെ കുടുംബക്കാര്‍ക്കും തിരിച്ചറിവിന്റെ കാലം ആകണം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടുന്നത് ശാസ്‌ത്രീയ ചികിത്സയിലാണ്. മദ്യപാനത്തിലല്ല എന്ന ബോധവല്‍ക്കരണം ശക്‌തമായി ഉണ്ടാകണം.
8. ഹൃദ്രോഹം, പ്രമേഹം, രക്‌താദിമര്‍ദ്ദം, കരള്‍ രോഗങ്ങള്‍, മറ്റു സമ്മര്‍ദ്ദ ജന്യ തകരാറുകള്‍, ജീവിത ശൈലീജന്യ രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്കും മദ്യാസക്‌തിയില്‍നിന്നും മുക്‌തരാകുവാനുള്ള സുവര്‍ണ്ണാവസരമാണിത്.
പാഴാക്കരുത് ഈ സുവര്‍ണ്ണാവസരം
സ്വര്‍ണ്ണമെഡല്‍കൊണ്ട് തൃപ്‌തരാകരുത് – പ്ലാറ്റിനം മെഡല്‍ നമ്മുടെ കൈയ്യെത്താവുന്ന ദൂരത്തുള്ളപ്പോള്‍!
ഡോ. വര്‍ഗ്ഗീസ് പുന്നൂസ്
(ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളജിലെ ഡിപ്പാട്ട്‌മെന്റ് ഓഫ് സൈക്യാട്രി പ്രഫസറും ഹെഡുമാണ് ലേഖകന്‍)
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഹെല്‍പ് ലൈന്‍ നമ്ബര്‍: 7902242137 (രാവിലെ 9.00 മുതല്‍ അഞ്ചു വരെ)
Post Your Comments