Latest NewsKeralaNews

ഇതപൂര്‍വ വിജയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

ലോക് ഡൗണ്‍ കാലത്തെ അവയവദാനത്തെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്ത് അവയവദാന പ്രകൃയയിലൂടെ നടന്ന ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാര്‍ട്ട് റിജക്ഷന്‍ സാധ്യതയും ഇന്‍ഫെക്ഷന്‍ സാധ്യതയും ഉള്ളതിനാല്‍ രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ച കഴിയുന്നതുവരെ രോഗി പൂര്‍ണ നിരീക്ഷണത്തിലുമായിരിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ഈ 6 ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളേജിലാണ് നടന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ ഉള്‍പ്പെടെ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ബൈക്ക് അപകടത്തെ തുടര്‍ന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാറിന് (50) മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവ ദാനത്തിന് തയ്യാറായത്. ഇതിലൂടെ 4 പേര്‍ക്കാണ് പുതുജീവന്‍ സമ്മാനിച്ചത്. സര്‍ക്കാരിന്റെ അവയവദാന ഔദ്യോഗിക ഏജന്‍സിയായ മൃതസഞ്ജീവിനിയാണ് അവയവദാന പ്രകൃയ ഏകോപിപ്പിച്ചത്. കോവിഡ് വ്യാപിക്കുന്നതിനാല്‍ ലോകത്താകമാനം അവയവദാന പ്രകൃയ നിലച്ച മട്ടാണ്. എന്നാല്‍ കേരളം കോവിഡിനെ നിയന്ത്രണത്തിലാക്കിയ പശ്ചാത്തലത്തിലാണ് അവയവദാന പ്രകൃയ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത്.

ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച രാത്രിയാണ് തിരുവന്തപുരത്തെത്തിയത്. അതിരാവിലെ 3.15ന് ഹൃദയം എടുക്കുകയും റോഡ് മാര്‍ഗത്തില്‍ അതിരാവിലെ 5.15ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. നേരത്തെ 5 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയയില്‍ ഈ സംഘം പങ്കാളികളായി. 3 മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ഹൃദയം മാറ്റിവയ്ക്കുന്നതിന് ആവശ്യമായ മരുന്ന് എറണാകുളത്തു നിന്നും ഫയര്‍ ഫോഴ്‌സ് 40 മിനിറ്റുകൊണ്ട് എത്തിച്ചു.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കുമാണ് നല്‍കിയത്.

അതീവ ദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ശ്രീകുമാറിന്റെ കുടുംബം ചെയ്തത് വലിയ ത്യാഗമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അവയവദാനം യാഥാര്‍ത്ഥ്യമാക്കിയ മൃതസഞ്ജീവിനി ഉള്‍പ്പെടെയുള്ള എല്ലാപേരേയും മന്ത്രി അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button