KeralaLatest NewsNews

കേരളം ഡാറ്റാ മാഫിയയുടെ പിടിയില്‍; സാമ്രാജ്യത്വ ശക്തികളുടെ പാവയായി മാറിയ കേരള സർക്കാർ ഇതിനെല്ലാം സമാധാനം പറയേണ്ടി വരും- കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം • ഡാറ്റ വാണിജ്യമേഖലയിലെ അന്താരാഷ്ട്ര ഭീമന്മാരുടെ ഇരയാണ് കേരളമെന്ന് ബി.ജെ.പി നേതാവും മുന്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. ഡാറ്റ എന്നത് നിധിയാണ്. സ്വർണ്ണമാണ്. അതുള്ളവൻ ലോകം ഭരിക്കും. അതിനുവേണ്ടിയുള്ള മത്സര ഓട്ടത്തിൽ കേരള സർക്കാർ കൊള്ളലാഭക്കാരുടെയും ഡാറ്റ മാഫിയയുടെയും കരുവായെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കൊറോണ കാലത്ത് ചികിത്സയിലായവരുടെ മുഴുവൻ വിവരങ്ങളും യാതൊരുവിധ ഉപാധികളുമില്ലാതെ കൈമാറി. ഇതോടെ കേരളത്തിലെ രണ്ടരലക്ഷത്തോളം വരുന്ന രോഗബാധിതരുടേയും നിരീക്ഷണത്തിലിരിക്കുന്നവരുടേയും അവരുടെ ബന്ധുക്കളുടേയും സർവ്വവിവരങ്ങളും സ്പ്രിംഗ്ളർ എന്ന ഐറ്റി ഭീമന്റെ കീശയിലായി.

മണ്ണ് മാഫിയയും മണൽ മാഫിയയും പോലെ ഡാറ്റ മാഫിയയും കേരളത്തിൽ ശക്തമാണ്. മുഖ്യമന്ത്രി നിസാരവൽസരിച്ചതുകൊണ്ടോ തമസ്ക്കരിച്ചതുകൊണ്ടോ ഡാറ്റ വില്പനയുടെ ഗൗരവം കുറയില്ല. സാമ്രാജ്യത്വ ശക്തികളുടെ പാവയായി മാറിയ കേരള സർക്കാർ ഇതിനെല്ലാം സമാധാനം പറയേണ്ടി വരുമെനനം കുമ്മനം പറഞ്ഞു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളം ഡാറ്റാ മാഫിയയുടെ പിടിയിൽ !

“ഡാറ്റ ഉള്ളവൻ രാജാവാണ്” എന്നത് ആധുനിക സമൂഹത്തിൽ മുഴങ്ങി കേൾക്കുന്ന മുദ്രാവാക്യമാണ്.
അത് മനസ്സിലാക്കിയ അമേരിക്കൻ മുതലാളിത്ത മൂലധന ശക്തികൾ കേരളത്തെ തങ്ങളുടെ മേച്ചിൽ സ്ഥലമായി കണ്ടെത്തിയത് സ്വാഭാവികം മാത്രം.

ലാഭക്കൊതിയും കച്ചവടകണ്ണുമുള്ള ഇക്കൂട്ടർ കൊറോണ വ്യാധിയുടെ അടിയന്തരഘട്ടത്തിൽ സേവകരും സംരക്ഷകരുമായി കേരളത്തിലേക്ക് ഓടിയെത്തി. നമ്മുടെ മുഖ്യമന്ത്രി അവർക്ക് ചുവന്ന പരവതാനി വിരിച്ച് രാജകീയ സ്വീകരണം നൽകി എതിരേറ്റു.

കൊറോണ കാലത്ത് ചികിത്സയിലായവരുടെ മുഴുവൻ വിവരങ്ങളും യാതൊരുവിധ ഉപാധികളുമില്ലാതെ കൈമാറി. ഇതോടെ കേരളത്തിലെ രണ്ടരലക്ഷത്തോളം വരുന്ന രോഗബാധിതരുടേയും നിരീക്ഷണത്തിലിരിക്കുന്നവരുടേയും അവരുടെ ബന്ധുക്കളുടേയും സർവ്വവിവരങ്ങളും സ്പ്രിംഗ്ളർ എന്ന ഐറ്റി ഭീമന്റെ കീശയിലായി.

ഈ കമ്പനിക്ക് എന്താണ് ഇത്ര വല്യ മഹത്വം? സ്പ്രിംഗ്ളറിനോളം കഴിവും കെൽപ്പുമുള്ള സ്ഥാപനങ്ങൾ നമുക്കില്ലേ ? ഐറ്റി മിഷൻ , സി ഡാക് , കെൽട്രോൺ ,നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്റെർ , തുടങ്ങിയ സ്ഥാപനങ്ങളുടെ ഡെവലപ്പര്മാർ സ്പ്രിംഗ്ളറിനേക്കാൾ മെച്ചപ്പെട്ട വൈദഗ്ധ്യം പുലർത്തുന്നവരും ഇത്തരം ഒരു അപ്പ്ലിക്കേഷൻ നിർമ്മിച്ചെടുക്കാൻ കെൽപ്പുള്ളവരുമാണ്. അവരെയെല്ലാം ഒഴിവാക്കി ഒരു വിദേശ കമ്പനിയുടെ മുൻപിൽ എല്ലാ വിവരങ്ങളും വലിച്ചെറിഞ്ഞു കൊടുത്ത കേരള സർക്കാർ രാജ്യദ്രോഹ കുറ്റത്തിൽ വിചാരണ നേരിടേണ്ടതാണ്.

ഒരു പൗരനെ സംബന്ധിച്ച് വിവരങ്ങൾ (ഡാറ്റ) അയാൾ അറിയാത്ത മറ്റാർക്കെങ്കിലും നൽകുന്നത് നിയമവിരുദ്ധമാണ്. പക്ഷേ ഒറ്റ രാത്രികൊണ്ട് ഒരു ബട്ടൺ അമർത്തിയപ്പോഴേക്കും ലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ മുഴുവൻ സ്പ്രിംഗ്ളർ കമ്പനിയുടെ കൈവശം എത്തി.

ഇപ്പോൾ സർക്കാർ പറയുന്നത് എല്ലാം തിരികെ വാങ്ങി എന്നാണ്. സ്പ്രിംഗ്ളർക്ക് കിട്ടേണ്ടതെല്ലാം കിട്ടി. ചെയ്യേണ്ടതെല്ലാം ചെയ്തു. ഉപയോഗിക്കേണ്ടതെല്ലാം ഉപയോഗിച്ചു. ശേഷം തിരിച്ചുകിട്ടിയിട്ട് എന്ത് കാര്യം ?

ഇതിനിടയിലാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നത്. എത്തിക്കൽ ഹാക്കർമാരുടെ സംഘടനയായ മല്ലു സൈബർ സോൾജിയേഴ്സ് പറയുന്നത് 3.30 ലക്ഷം വിദ്യാർത്ഥികളുടെ വിവരങ്ങൾ വിൽക്കാനുണ്ടെന്നാണ്.

സർക്കാരിന്റെ ഓൺലൈൻ റേഡിയോ വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നും 1500 ആളുകളുടെ ഈമെയിലും വിലാസവും പാസ്സ്‌വേർഡും ചോർന്നുവെന്നും അവർ വ്യക്തമാക്കുന്നു.

ഹൈടെക്ക് സ്‌കൂളിന്റെ സർവ്വേ വിവരങ്ങളും വിദേശത്തേക്ക് ചോർന്നുപോകുമെന്ന ഭയാശങ്കയിലാണ് വിദ്യാഭ്യാസ രംഗത്തുള്ളവർ. വിദേശത്തുള്ള ഇന്റൽ കോർപറേഷനും ഒഹായൊ സർവകലാശാലയും ചേർന്ന് നടത്തുന്ന സർവ്വേ സുതാര്യമല്ലെന്ന് പരാതിയുണ്ട്.

ഏതൊരു വിദേശ ഏജൻസിയുമായും കരാർ ഉണ്ടാക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ അനുവാദം വാങ്ങേണ്ടതുണ്ട്. പക്ഷെ അതും ഉണ്ടായില്ല.

ഡാറ്റ വാണിജ്യമേഖലയിലെ അന്താരാഷ്ട്ര ഭീമന്മാരുടെ ഇരയാണ് കേരളം. ഡാറ്റ എന്നത് നിധിയാണ്. സ്വർണ്ണമാണ്. അതുള്ളവൻ ലോകം ഭരിക്കും. അതിനുവേണ്ടിയുള്ള മത്സര ഓട്ടത്തിൽ കേരള സർക്കാർ കൊള്ളലാഭക്കാരുടെയും ഡാറ്റ മാഫിയയുടെയും കരുവായി.

മണ്ണ് മാഫിയയും മണൽ മാഫിയയും പോലെ ഡാറ്റ മാഫിയയും കേരളത്തിൽ ശക്തം. മുഖ്യമന്ത്രി നിസാരവൽസരിച്ചതുകൊണ്ടോ തമസ്ക്കരിച്ചതുകൊണ്ടോ ഡാറ്റ വില്പനയുടെ ഗൗരവം കുറയില്ല. സാമ്രാജ്യത്വ ശക്തികളുടെ പാവയായി മാറിയ കേരള സർക്കാർ ഇതിനെല്ലാം സമാധാനം പറയേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button