ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി നാശം വിതച്ച് കോവിഡ് എന്ന മഹാമാരി മുന്നേറുകയാണ്. ഇതിനിടെ ആശ്വാസകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 70 കേന്ദ്രങ്ങളിലായി കോവിഡിനെതിരായ മരുന്ന് വികസിപ്പിക്കുകയാണ്. ഇതില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഗവേഷണം ഏതാണ്ട് അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമായതിന് പിന്നാലെ മനുഷ്യരിലും ഇത് ഉപയോഗിച്ച് പരീക്ഷണം നടത്താനൊരുങ്ങുകയാണ് ഗവേഷകർ. ഇതിനിടയില്‍ മൂന്ന് വ്യത്യസ്ത ഗവേഷണ സംഘങ്ങള്‍ അവര്‍ കണ്ടുപിടിച്ച മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയില്‍ ഒരു സംഘം ശാസ്ത്രജ്ഞരും അമേരിക്കയില്‍ രണ്ട് സംഘങ്ങളും ആണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
ഓക്സ്ഫോര്‍ഡ് 510 ആളുകളിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. അടുത്ത ആഴ്‌ച്ചയായിരിക്കും മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുക. മനുഷ്യരിലെ പരീക്ഷണം കൂടി വിജയിച്ചാല്‍, സെപ്റ്റംബര്‍ മാസത്തോട് കൂടി ഇത് വിപണിയില്‍ എത്തിക്കാനാകും എന്നാണ് സൂചന. അതേസമയം പുതിയതായി കണ്ടുപിടിക്കുന്ന വാക്‌സിനുകൾ ആവശ്യമായ പരീക്ഷണങ്ങള്‍ കഴിഞ്ഞ്, ആരോഗ്യവകുപ്പ് നിശ്ചയിക്കുന്ന കടമ്പകളും കടന്ന്, ഔദ്യോഗിക അംഗീകാരത്തോടെ വിപണിയിലെത്താന്‍ ഒരു വര്‍ഷം മുതല്‍ 18 മാസം വരെ എടുക്കുമെന്നതാണ് മറ്റൊരു തിരിച്ചടി. എങ്കിലും കൊറോണയെന്ന മഹാമാരിയെ ഇല്ലാതാക്കാൻ കഴിയുന്ന നാളിനായി ലോകം ഉറ്റുനോക്കുകയാണ്.
Post Your Comments