വാഷിങ്ടണ്‍: കോവിഡ് ബാധിച്ച രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തകര്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ നോര്‍ത്ത് വെല്‍ഹെല്‍ത്ത് തീവ്രപരിചരണ വിഭാഗം ഡയറക്ടര്‍ മംഗള നരസിംഹം ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമഴ്ത്തി കിടത്തുന്നത് ശ്വാസകോശത്തിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കാന്‍ സഹായകരമാണെന്നും രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ അവരുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. ഇങ്ങനെ കിടത്തുമ്പോൾ ഓക്‌സിജന്‍ ലഭ്യമാകുന്നതിന്റെ തോത് 85 ശതമാനത്തില്‍ നിന്ന് 98 ശതമാനമായി ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ചൈനയിലെ വുഹാനിലും ഇതുമായി ബന്ധപ്പെട്ട പഠനം നടന്നിട്ടുണ്ട്. കോവിഡ് രോഗികളെ കമഴ്ത്തി കിടത്തുന്നത് ചില രോഗികളില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പ്രയോജനം ചെയ്യുന്നതായി നന്‍ജിങ്ങിലെ സൗത്ത് ഈസ്റ്റ്യുണിവേഴ്‌സിറ്റി പ്രൊഫസറും പഠനത്തിന് മേല്‍നോട്ടം വഹിച്ച ഗവേഷകനുമായ ഹെയ്‌ബോ ക്യൂ വ്യക്തമാക്കിയിരുന്നു. കൂടാതെ അണുബാധ മൂലം ഗുരുതരമായ ശ്വാസകോശ തകരാറുകള്‍ അനുഭവിക്കുന്ന രോഗികളെ രക്ഷപെടുത്താൻ കമഴ്ത്തി കിടത്തുന്നത് സഹായകരമാകുമെന്ന് കണ്ടെത്തുന്ന പഠനം 2013ല്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
Post Your Comments