ബെംഗളൂരു: ലോക്ക്ഡൗണ്‍ കാലയളവില്‍ ചരക്ക് നീക്കം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ റോള്‍ ഓണ്‍-റോള്‍ ഓഫ് (റോ-റോ) സര്‍വീസ് ആരംഭിച്ചു. ഗുഡ്‌സ് വാഗണുകള്‍ കയറ്റുന്ന റേക്കില്‍, ഇതിനു പകരം ഗുഡ്‌സ് ട്രക്കുകള്‍ കയറ്റി എത്തിക്കുന്ന പദ്ധതിയാണ് റോള്‍ ഓണ്‍-റോള്‍ ഓഫ്. ഓരോ ട്രെയിനിലും 30 മുതല്‍ 40 ട്രക്കുകള്‍ വരെ കയറ്റാന്‍ സാധിക്കും. ബെംഗളൂരുവിലേക്കുള്ള ആദ്യ സര്‍വീസില്‍ അവശ്യസാധനങ്ങള്‍ ലോഡ് ചെയ്ത 30 ട്രക്കുകളാണ് ഉണ്ടായിരുന്നത്.
ശനിയാഴ്ച കൊങ്കണ്‍ പാതയില്‍ മഹാരാഷ്ട്ര സോളാപൂരില്‍ നിന്ന് ബെംഗളൂരു നേലമംഗലയിലേക്കാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്.പരീക്ഷണ അടിസ്ഥാനത്തില്‍ സോളാപൂരിനും നേലമംഗലയ്ക്കും ഇടയില്‍ ആര്‍ഒ-ആര്‍ഒ സര്‍വീസ് ആരംഭിക്കാന്‍ വ്യാഴാഴ്ചയാണ് റെയില്‍വെ ബോര്‍ഡ് അനുവാദം നല്‍കിയത്. കൊങ്കണ്‍ പാതയില്‍ 1999 മുതല്‍ റോ-റോ സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും ബെംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിനാണിത്. സോളാപൂരില്‍ നിന്ന് നേലമംഗലയിലേക്ക് 682 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് ഒരു ടണ്ണിന് 2700രൂപയാണ് റെയില്‍വെ ഈടാക്കുന്നത്. ഇത് റോഡ് ഗതാഗത്തിന് ചെലവാകുന്ന തുകയേക്കാള്‍ വളരെ കുറവാണ്.റോ-റോ സര്‍വീസ് ലോക്ഡൗണ്‍ കാലയളവില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ അവശ്യസാധനങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
രാജ്യത്ത് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ റെയില്‍വെ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ ചരക്ക് ഗതാഗതത്തിനായി രാജ്യത്തെ എല്ലാ സ്ഥലത്തേക്കും ട്രെയിനുകള്‍ ഓടുന്നു.
Post Your Comments