ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് രാജ്യത്തെ കര്‍ഷകര്‍ക്ക് തുണയായി എയര്‍ ഇന്ത്യ. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളുമായി എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ യൂറോപ്പിലേക്ക് പറക്കും. രാജ്യത്ത് ഉത്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നതിന് വേണ്ടി മാത്രമായാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്.ലണ്ടന്‍, ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്കാണ് പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നത്.
കൃഷി ഉഡാന്‍ പദ്ധതിയുടെ ഭാഗമായാണ് ഈ പറക്കല്‍. ഏപ്രില്‍ 14 ന് ലണ്ടണിലേക്കും 15ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുക.യൂറോപ്പിലേക്ക് പോയ വിമാനങ്ങള്‍ തിരികെ എത്തുമ്പോള്‍ അതില്‍ അവശ്യ മെഡിക്കല്‍ ഉത്പന്നങ്ങള്‍ ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.രാജ്യത്തെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിദേശരാജ്യങ്ങളില്‍ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കൃഷി ഉഡാന്‍.
കൊവിഡ് 19 വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നുവെങ്കിലും മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുവരുന്നതിന് വേണ്ടി ചൈനയുമായി ചരക്കുവിമാന സര്‍വീസുകള്‍ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. രാജ്യത്തിനകത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം 119 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇതിനോടകം നടത്തിയത്.
Post Your Comments