തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊറോണക്കാലത്തെ രാഷ്ട്രീയ അല്‍പ്പത്തമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനമെന്ന് കോടിയേരി കുറ്റപ്പെടുത്തി.
കേരളം സ്വീകരിക്കുന്ന ആരോഗ്യ സാമ്പത്തിക സാമൂഹ്യ ക്ഷേമനടപടികള്‍ ലോകത്തിന്റെതന്നെ സവിശേഷ ശ്രദ്ധയും പ്രശംസയും നേടി. ഈ അഭിമാനം നമുക്കുള്ളപ്പോള്‍ത്തന്നെ, സമൂഹവ്യാപനത്തിന്റെ ഭീഷണിയില്‍നിന്ന് ഒഴിഞ്ഞിട്ടില്ല. അതിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള പിന്തുണയും യോജിപ്പുമാണ് ഭരണപ്രതിപക്ഷ ഭേദമെന്യേ, ജാതിമതസമുദായ വ്യത്യാസമില്ലാതെ എല്ലാവരും നല്‍കേണ്ടത്. അതാണ് ഈ കാലഘട്ടം എല്ലാവരോടും ആവശ്യപ്പെടുന്ന കടമ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കോടിയേരി കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചത്.
കുറിപ്പിന്റെ പൂർണ രൂപം
കോവിഡ് കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് ലോകം ഏറെ മാറിയിരിക്കുന്നു. ഇനി കോവിഡിന് മുമ്പുള്ളതും ശേഷമുള്ളതും എന്ന വിധത്തിലാകും ലോകം വിലയിരുത്തപ്പെടുക. ഇത് രാജ്യങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ബാധകമാകും.
കോവിഡ് അനന്തര ആഗോളസാമ്പത്തിക രാഷ്ട്രീയത്തില്‍ അമേരിക്കന്‍ മേധാവിത്വത്തിന് ഉലച്ചില്‍ സംഭവിക്കാം. ഇപ്പോള്‍ത്തന്നെ അമേരിക്ക നയിച്ച നവ ഉദാരവല്‍ക്കരണ കോര്‍പറേറ്റ് സാമ്പത്തികനയത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലും പകര്‍ച്ചവ്യാധിയുണ്ടാകില്ലെന്ന സങ്കല്‍പ്പത്തെ തിരുത്തി അവിടങ്ങളില്‍ സമൂഹവ്യാപനം പിടികിട്ടാത്ത വിധത്തിലായി. കോവിഡിനുമുന്നില്‍ അമേരിക്ക പതറുകയാണ്.
അവിടങ്ങളിലെ പൊതുജനാരോഗ്യ സംവിധാനം രോഗബാധിതരെ ഉള്‍ക്കൊള്ളാനാകാത്തവിധം തകര്‍ന്നിരിക്കുന്നു. ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണ നയത്തിനേറ്റ പ്രഹരമാണിത്. വികസിതരാജ്യങ്ങള്‍ പലതും നില്‍ക്കക്കള്ളിയില്ലാതെ ആശുപത്രികള്‍ ദേശസാല്‍ക്കരിക്കുന്നു.
അമേരിക്കയുടെയും യൂറോപ്പിന്റെയും മാര്‍ഗങ്ങളില്‍നിന്ന് വ്യത്യസ്തമായി കോവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ചൈനയും വിയറ്റ്നാമും ക്യൂബയും മുന്നോട്ടുപോകുകയാണ്.
ഈ ഘട്ടത്തില്‍ കേരളം സ്വീകരിക്കുന്ന ആരോഗ്യ സാമ്പത്തിക സാമൂഹ്യ ക്ഷേമനടപടികള്‍ ലോകത്തിന്റെതന്നെ സവിശേഷ ശ്രദ്ധയും പ്രശംസയും നേടി. ഈ അഭിമാനം നമുക്കുള്ളപ്പോള്‍ത്തന്നെ, ഇപ്പോഴും, സമൂഹവ്യാപനത്തിന്റെ ഭീഷണിയില്‍നിന്ന് ഒഴിഞ്ഞിട്ടില്ല. അതിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള പിന്തുണയും യോജിപ്പുമാണ് ഭരണപ്രതിപക്ഷ ഭേദമെന്യേ, ജാതി–മത–സമുദായ വ്യത്യാസമില്ലാതെ എല്ലാവരും നല്‍കേണ്ടത്. അതാണ് ഈ കാലഘട്ടം എല്ലാവരോടും ആവശ്യപ്പെടുന്ന കടമ.
എന്നാല്‍, അത് നിരുത്തരവാദപരമായി കാറ്റില്‍ പറത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ ദൃഷ്ടാന്തമാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്താസമ്മേളനം. യഥാര്‍ഥത്തില്‍ ഇത് കൊറോണക്കാലത്തെ ഒരു രാഷ്ട്രീയ അല്‍പ്പത്തമാണ്.
അതിന്റെ തുടര്‍ച്ചകളാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഇതൊക്കെ എല്ലാ മലയാളികളും മറ്റുള്ളവരും വിലയിരുത്തുന്നുണ്ട് എന്നത് മറന്നുപോകരുത്.
Post Your Comments