കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ മെയ് 3 ന് നടക്കാനിരുന്ന തൃശ്ശൂര്‍ പൂരം ഇത്തവണ ഉണ്ടാവില്ല പകരം ക്ഷേത്രാങ്കണത്തില്‍ വെച്ച് ഒരു ആചാരമായി മാത്രം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ലോക്ഡൗണ്‍ നീട്ടിയേക്കും എന്ന സാഹചര്യത്തെ തുടര്‍ന്നാണിത്. 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്ത് തൃശൂര്‍ പൂരം നടത്താതിരുന്നതിന് ശേഷം 58 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായിട്ടാണ് തൃശ്ശൂര്‍ പൂരം റദ്ദാക്കപ്പെടുന്നത്.
ഓരോ ദേവസ്വങ്ങള്‍ക്കും പൂരം നടത്താനുള്ള ഫണ്ട് നല്‍കുന്നത് പൂരം എക്സിബിഷനില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്നുമാണ്. എന്നാല്‍ തേക്കിന്‍കാട് മൈതാനത്ത് വടക്കുംനാഥന്‍ ക്ഷേത്രത്തിന് സമീപം ഏപ്രില്‍ ഒന്ന് മുതല്‍ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പൂരം എക്സിബിഷന്‍ അടക്കം എല്ലാം ദേവസ്വംബോര്‍ഡ് വേണ്ടെന്നു വച്ചിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം അതിന്റെ മഹത്വത്തോടെ നടത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഒരു ചെറിയ ആചാരമായി മാത്രമേ പൂരം നടത്തുകയുള്ളൂവെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി ചന്ദ്രശേഖരന്‍ പറഞ്ഞു.
കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്രമുണ്ട്. ആനകളെ അണിനിരത്തി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യവും ആനപ്പുറത്തെ കുടമാറ്റവും വെടിക്കെട്ടും ഉള്‍പ്പെടുന്നതാണ് പൂരം.
തൃശൂര്‍ പൂരത്തിന്റെ വലിയ ആകര്‍ഷണം എന്ന് പറയുന്നത് ഇലഞ്ഞിത്തറമേളം ആണ്. മേളം ആരംഭിക്കുന്നതു മുതല്‍ താളത്തിനൊത്ത് വായുവില്‍ ഉയരുന്ന ആയിരക്കണക്കിന് കൈതാളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച തേക്കിന്‍കാട് മൈതാനത്താണ് നടക്കാറുള്ളത്.
തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ചെമ്പട മേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ തുടങ്ങിയവയാണ് പൂരത്തിന്റെ ആചാരങ്ങള്‍.
Post Your Comments