![COVID-19](/wp-content/uploads/2020/04/COVID-19-1.jpg)
ചെന്നൈ : തമിഴ്നാട്ടിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം ഡോക്ടർ ഉള്‍പ്പടെ 96 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 834 ആയി. രോഗം സ്ഥിരീകരിച്ച 84പേർക്കും നിസാമുദ്ദീനിൽ നിന്ന് വന്നവരുമായി ബന്ധമുണ്ട്. ബാക്കിയുള്ള 12 പേരിൽ മൂന്ന് പേർ മൂന്ന് സംസ്ഥാനങ്ങളിൽ യാത്ര ചെയ്തവരാണ്. ഇനിയുള്ള ഒൻപത് പേരിൽ ഒരാൾ ഡോക്ടറാണ്. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് കൂടുതൽ രോഗബാധിതർ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച നിസാമുദ്ദീനിൽ നിന്ന് എത്തിയവരും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെയും ആകെ എണ്ണം 763 ആയി ഉയർന്നു. വൈറസ് ബാധ വൻ തോതിൽ സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ 67 സ്ഥലങ്ങള്‍ അടച്ചുപൂട്ടി. അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാന്‍ 3500 വാഹനങ്ങള്‍ ഏർപ്പെടുത്തി. ഡോക്ടര്‍മാര്‍ക്കും ടെക്നിക്കല്‍ ജീവനകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തൂത്തുക്കുടിയിലെ രണ്ട് ആശുപത്രികൾ അടക്കുകയും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കാണാതായ കൊവിഡ് രോഗിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാള്‍ ചെന്നൈയിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയിരുന്നതിനാൽ സംഭവിച്ച വീഴ്ചയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ചൈനയിൽ നിന്നും റാപിഡ് ടെസ്റ്റിങ് കിറ്റുകൾ കഴിഞ്ഞ സംസ്ഥാനത്ത് എത്തുമെന്നായിരുന്നു റിപ്പോർട്ട്.രോഗം വൻതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഈ റാപിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും പോസിറ്റീവ് ആകുന്നവരെ പിസിആർ ടെസ്റ്റിന് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് അറിയിച്ചു.
Post Your Comments