റിയാദ്: സൗദിയിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട്. കോവിഡ് പ്രശ്നങ്ങളിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ദീർഘകാല അവധി നൽകാനും സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
കോവിഡ് പോലെ വലിയ ദുരന്തസാഹചര്യങ്ങളിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനു പുറമേ തൊഴിലാളിക്ക് അസാധാരണ അവധിയും നൽകാൻ നിയമാനുമതി ഉള്ളതാണ്. നിയന്ത്രണങ്ങൾ ആരംഭിച്ച് 6 മാസത്തിനകം തൊഴിലാളിയുമായി ധാരണയിൽ എത്തിയായിരിക്കണം ഇത്തരം നടപടികൾ തൊഴിലുടമ സ്വീകരിക്കേണ്ടതെന്നും നിർദേശമുണ്ട്. അതേസമയം, എത്ര തുക കുറയ്ക്കുമെന്നതും എത്ര കാലത്തേക്കെന്നതും അറിയിപ്പിൽ വ്യക്തമല്ലെന്നാണു വിവരം.
തുടരാൻ താൽപര്യമില്ലാത്ത ജീവനക്കാർക്ക് ജോലി അവസാനിപ്പിക്കാം. അതേസമയം പ്രതിസന്ധി തരണം ചെയ്യുന്നതിന് സർക്കാർ പ്രഖ്യാപിച്ച ഏതെങ്കിലും സഹായ പദ്ധതി സ്ഥാപന ഉടമ പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാവില്ല. ഇതേസമയം വിദേശികളെ തിരിച്ചയയ്ക്കാനുള്ള തന്ത്രമായി വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും അതിന് അടിസ്ഥാനമില്ലെന്നും അധികൃതർ സൂചിപ്പിക്കുന്നു.
Post Your Comments