ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി പ്രതിനിധാനം ചെയ്യുന്ന അമേഠിയിലേക്ക് രാഹുല്‍ സാനിറ്റൈസറുകളും സോപ്പും മാസ്കുകളും മറ്റും എത്തിച്ചതിനു പിന്നാലെയാണ് യാദൃച്ഛികമെങ്കിലും ഈ നടപടി.മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളുള്‍പ്പെടെയുള്ള ഇതര സംസ്ഥാനത്തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ട്.
ഇവര്‍ നാട്ടിലുള്ള ചിലരെ, തങ്ങള്‍ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചു. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം ധരിപ്പിച്ചു. അവര്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സഹായം തേടി. മുരളീധരന്റെ നിര്‍ദേശപ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ കരുവാരക്കുണ്ടിലെത്തി തൊഴിലാളികളെ കണ്ടു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ ഉടന്‍തന്നെ എത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചു.
രണ്ട് അമേഠി സ്വദേശികള്‍ ഉള്‍പ്പടെ ഇരുപതോളം തൊഴിലാളികളാണ് ഭക്ഷണം കിട്ടാതെ കുടുങ്ങിയിരുന്നത്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. പഞ്ചായത്ത് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഏജന്റ് മുങ്ങിയതാണ് പ്രശ്നമായത്. പഞ്ചായത്തിന്റെ പട്ടികയില്‍ ഇവരുടെ പേരില്ലാത്തതിനാല്‍ സഹായം ലഭിച്ചതുമില്ല. ഇതിനെ തുടർന്നാണ് സ്‌മൃതിയുടെ ഇടപെടൽ.
അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് 55,120 വോട്ടിനാണ് അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടത്. പരാജയപ്പെട്ടെങ്കിലും രാഹുല്‍ തന്റെ മണ്ഡലത്തെ മറന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അമേഠി എക്കാലത്തുമുണ്ടെന്നും ഭക്ഷ്യധാന്യ വിതരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് എം.എല്‍.സി. ദീപക് സിങ് പറഞ്ഞു.
Post Your Comments