തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശിച്ച ചട്ടങ്ങള്‍ പാലിച്ച് കരിക്കകം ക്ഷേത്രത്തില്‍ പൊങ്കാല. ആളും ആരവും ഭക്തജനങ്ങളുടെ സാന്നിധ്യവുമില്ലാതെയാണ് ക്ഷേത്രത്തില്‍ ദേവിയ്ക്ക് പൊങ്കാല സമര്‍പ്പണം നടത്തിയത് . ക്ഷേത്രത്തിന്റെ മണിമണ്ഡപത്തിനടുത്തുള്ള പണ്ടാരപ്പുരയില്‍ തയ്യാറാക്കിയ അടുപ്പില്‍ മേല്‍ശാന്തി അജയ് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. സാക്ഷിയായി സഹമേല്‍ശാന്തി രാധാകൃഷ്ണന്‍ നമ്പൂതിരിയും കീഴ്ശാന്തിയും മാത്രം.
തിരുവനന്തപുരം നഗരത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് കരിക്കകം പൊങ്കാല. പ്രശസ്തമാണ് ഇവിടത്തെ പൊങ്കാലച്ചടങ്ങും.ഇത്തവണ മാര്‍ച്ച് 27-ന് മഹാകുംഭാഭിഷേകം നടത്തി 30-ന് ഉത്സവം തുടങ്ങാനായിരുന്നു തീരുമാനം. മീനത്തിലെ മകം നാള്‍ വരുന്ന ഏപ്രില്‍ അഞ്ചിനാണ് പൊങ്കാല നിശ്ചയിച്ചിരുന്നത്. മഞ്ജു വാര്യരുടെ നൃത്തമുള്‍പ്പെടെ കലാപരിപാടികളും ഉത്സവത്തിനായി തയ്യാറാക്കിയിരുന്നു.
എന്നാല്‍, കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഉത്സവം ഒഴിവാക്കാന്‍ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാതെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ചടങ്ങുകള്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ നടത്തി
Post Your Comments