ഡബ്ലിന്‍: ലോകം മുഴുവന്‍ കോവിഡിനെതിരെ പൊരുതുമ്പോള്‍ അങ്ങനെ കണ്ടു നില്‍ക്കേണ്ടവരല്ല രാജ്യത്തിന്റെ പ്രതിനിധികള്‍ പ്രത്യേകിച്ച് അതില്‍ പ്രയോജനമാകും വിധത്തില്‍ വിദ്യഭ്യാസവും പരിചയവുമുള്ള യോഗ്യരായവര്‍. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കോവിഡ് എന്ന മഹാമാരിയെ ചെറുത്തു നില്‍ക്കുന്നതിനായി ആരോഗ്യമേഖലയെ സഹായിക്കുവാന്‍ ആറ് വര്‍ഷം മുന്നെ ഉപേക്ഷിച്ച ഡോക്ടര്‍ കുപ്പായം വീണ്ടും അണിയുകയാണ് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഏഴുവര്‍ഷം ഡോക്ടറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ജോലി ഉപേക്ഷിച്ച് 2013ലാണ് രാഷ്ട്രീയത്തിലിറങ്ങിയത്.
കോവിഡിനെ നേരിടുന്നതിനുള്ള അയര്‍ലന്‍ഡ് മെഡിക്കല്‍ സംഘത്തിനൊപ്പമാകും വരദ്കര്‍ സേവനമനുഷ്ഠിക്കുക. ആഴ്ചയിലൊരിക്കല്‍ ആകും അദ്ദേഹം മെഡിക്കല്‍ സംഘത്തിമൊപ്പമുണ്ടാകുക. തന്റെ മെഡിക്കല്‍ യോഗ്യതയ്ക്ക് അനുസരിച്ച് ആഴ്ചയിലൊരിക്കല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി വരദ്കര്‍ വീണ്ടും ഡോക്ടറായി പേര് രജിസ്റ്റര്‍ ചെയ്തെന്ന് ഐറിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ അദ്ദേഹത്തിന്റെ പേര് മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ആരോഗ്യമേഖല പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഡോക്ടറായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് വരദ്കര്‍.
Post Your Comments