കോട്ടയം: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വൃദ്ധ ദമ്പതികൾ ആശുപത്രിവിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട 93വയസ്സുകാരനായ തോമസ്, 88കാരിയായ ഭാര്യ മറിയാമ്മ എന്നിവരാണ് ആശുപത്രി വിട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. ഇവർ വൈറസ് വിമുക്തരായതോടെ കേരളത്തിന് ഇത് അഭിമാനനിമിഷമാണ്.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. ഈ വൃദ്ധ ദമ്പതികള്‍ക്ക് പരമാവധി ചികിത്സ നല്‍കി ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവ പരിശോധനാഫലം രണ്ടു തവണയും നെഗറ്റീവ് ആയതോടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇവരുടെ രണ്ടാം പരിശോധനാഫലം രണ്ട് ദിവസം മുൻപ് ലഭിച്ചിരുന്നു. ഇത് നെഗറ്റീവ് ആയിരുന്നെങ്കിലും മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വീട്ടിലേക്ക് വിടുന്നത് വൈകിക്കുകയായിരുന്നു.വീട്ടിലെത്തിയതിനു ശേഷം 14ദിവസം കൂടി ഇവര്‍ നിരീക്ഷണത്തില്‍ തുടരും.ആംബുലന്‍സില്‍ ഇരുവരെയും റാന്നിയിലേക്കുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് മുതിര്‍ന്ന നഴ്സുമാരും ഇവര്‍ക്കൊപ്പം വീട്ടിലേക്ക് പോയിട്ടുണ്ട്.
Post Your Comments