ന്യൂയോര്‍ക്ക്: കോവിഡ് ലക്ഷണങ്ങള്‍ മറച്ചു വെച്ച് ഭര്‍ത്താവ് ഭാര്യയെയും നവജാത ശിശുവിനെയും ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെ ഭാര്യയ്ക്ക് കോവിഡ് ലക്ഷണം. ന്യൂയോര്‍ക്കിലെ സ്റ്റോം മെമ്മോറിയല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തിയാണ് ഇയാള്‍ ഭാര്യയെ സന്ദര്‍ശിച്ചത്. ഇവരുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ആശുപത്രിയിലെത്തുന്നതിന് മുമ്പ് തനിക്ക് രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും എന്നാല്‍ ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ ഇക്കാര്യം മറച്ചു വെക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനോടും ഭാര്യയോടും കുഞ്ഞിനൊപ്പം സ്വയം ക്വാറന്റൈനിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അതേസമയം ഇയാളുടെ ഭാര്യയടക്കം പ്രസവ വാര്‍ഡിലുണ്ടായിരുന്ന എല്ലാവര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. ഇവരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ്.
Post Your Comments