നെടുമ്പാശേരി:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സെര്‍ബിയയിലേയ്ക്ക് വേണ്ട 70 ലക്ഷത്തിന്റെ സര്‍ജിക്കല്‍ കൈയുറകള്‍ കയറ്റി അയച്ചത് കൊച്ചിയില്‍ നിന്ന്
സെര്‍ബിയന്‍ ആരോഗ്യവിഭാഗത്തിന്റെ ഓര്‍ഡര്‍ ലഭിച്ച കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് റബേഴ്സ് എന്ന സ്ഥാപനമാണ് കയറ്റുമതി നടത്തിയത്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലേക്ക് ഡച്ച് വിമാനക്കമ്പനിയായ ട്രാന്‍സേവിയ എയര്‍ലൈന്‍സിന്റെ ബോയിംഗ് 747 കാര്‍ഗോ വിമാനത്തിലായിരുന്നു കയറ്റുമതി. ഏഴായിരത്തിലധികം പെട്ടികളിലായി മൊത്തം 90,385 കിലോഗ്രാം കാര്‍ഗോ കഴിഞ്ഞദിവസം ബെല്‍ഗ്രേഡില്‍ എത്തി. സിയാല്‍ കാര്‍ഗോ വിഭാഗവും കസ്റ്റംസും അതിവേഗം നടത്തിയ ഏകോപനത്തിലൂടെ നിശ്ചിതസമയത്തുതന്നെ കയറ്റുമതി ചെയ്യാനായി.
ഇന്ന് വീണ്ടും ട്രാന്‍സേവിയ എയര്‍ലൈന്‍സ് വിമാനം കാര്‍ഗോ കയറ്റുമതിക്കായി കൊച്ചിയിലെത്തും. ബൊല്ലോര്‍ ലോജിസ്റ്റിക്സ് ഇന്ത്യയാണ് കാര്‍ഗോ ഏജന്‍സി. അതീവ നിയന്ത്രിതമായ പ്രവര്‍ത്തനമാണ് നിലവില്‍ കൊച്ചി വിമാനത്താവളത്തിലുള്ളത്. ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിക്കുന്ന കാര്‍ഗോ സര്‍വീസുകള്‍ക്ക് സിയാല്‍ സൗകര്യമൊരുക്കുന്നുണ്ട്. നേരത്തെ, ലുലു ഗ്രൂപ്പിനായി സ്പൈസ് ജെറ്റിന്റെ രണ്ട് കാര്‍ഗോ സര്‍വീസുകള്‍ അബുദാബിയിലേക്ക് 34 ടണ്‍ പച്ചക്കറി കയറ്റുമതി നടത്തിയിരുന്നു. സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ എത്തിക്കാന്‍ എയര്‍ ഏഷ്യ സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈയാഴ്ച ആദ്യവിമാനം കൊച്ചിയില്‍ എത്തിയേക്കും.
Post Your Comments