ശ്രീരാമചന്ദ്ര ഭഗവാന്റെ ജന്മദിനമാണ് ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. മര്യാദാപുരുഷോത്തമനും ധര്‍മ്മമൂര്‍ത്തിയുമായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ അവതാരദിനം ചൈത്രശുക്ല നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്. ത്രേതായുഗത്തില്‍ ഈ ദിവസം പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന്‍ ജനിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്‍പം.
സൂര്യവംശ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും പുത്രനായി അസുര രാജാവായ രാവണനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം കൂടിയായി ശ്രീരാമചന്ദ്ര പ്രഭുവിന്റെ ജനനം.
ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായാണ് കരുതുന്നത്. ഉത്തരേന്ത്യയില്‍ ശ്രീരാമ നവമി ആഘോഷങ്ങള്‍ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്നു. ഇവിടെ ശ്രീരാമ ക്ഷേത്രങ്ങളില്‍ വിഗ്രഹത്തില്‍ പഞ്ചാമൃതാഭിഷേകവും ധൂപങ്ങളും ദീപങ്ങളും നൈവേദ്യവും കൊണ്ട് പൂജകളും രാമായണ പാരായണവും നടക്കാറുണ്ട്. വസന്ത നവരാത്രിയുമായി ബന്ധപ്പെടുത്തിയും ശ്രീരാമനവമി ആഘോഷിക്കുന്നു.
രാമജന്‍മഭൂമിയായ അയോദ്ധ്യയില്‍ ഭക്തര്‍ സരയൂ നദിയില്‍ മുങ്ങിക്കുളിച്ച് ക്ഷേത്രദര്‍ശനത്തിനെത്തുന്നു. രാമചരിത മാനസം വായിക്കുകയും ശ്രീരാമ വിഗ്രഹത്തില്‍ അര്‍ച്ചനയും ആരതിയും നടത്തുകയും വ്രതമെടുക്കുകയുമൊക്കെ ചെയ്യുന്നു.
Post Your Comments