ന്യൂഡല്‍ഹി : നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 24 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ അറിയിച്ചു.. സമ്മേളനത്തില്‍ എത്രപേര്‍ പങ്കെടുത്തുവെന്നു കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. 1700 പേര്‍ മസ്ജിദില്‍ ഉണ്ടായിരുന്നു. ഇതില്‍ 334 പേരെ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ വിവിധയിടങ്ങളിലായി 700 പേരെ ക്വാറന്റീനിലാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ചു.
നൂറുകണക്കിനു പേരുടെ ജീവന്‍ അപകടത്തിലാക്കിയതിനു മസ്ജിദ് ഭാരവാഹികള്‍ക്കെതിരെ കേസ് എടുക്കാന്‍ കേജ്‌രിവാള്‍ ഉത്തരവിട്ടു. കേരളത്തിലെ പല ജില്ലകളില്‍ നിന്നായി ഒട്ടേറെപ്പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തിനു വന്നിരുന്നു. എന്നാല്‍ ഇവരില്‍ പലരും കോവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിനു മുമ്പ് മടങ്ങിയെന്നാണു വിവരം. സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു. പത്തനംതിട്ട അമീര്‍ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലാണു മരിച്ചത്.
ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ട മേലെവെട്ടിപ്പുറം സ്വദേശിയാണു സലിം (74). മൃതദേഹം നിസാമുദ്ദീനില്‍ കബറടക്കി. കാതോലിക്കറ്റ് കോളജില്‍ കെമിസ്ട്രി പ്രഫസറായി വിരമിച്ച ഇദ്ദേഹം നേരത്തെ ബൈപാസ് സര്‍ജറിക്കു വിധേയനായിട്ടുണ്ട്. സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്നാണു ഡല്‍ഹിയില്‍ പോയത്. ഇവര്‍ ഡല്‍ഹിയില്‍ നിസാമുദീനില്‍ ബംഗ്ലാവാലി മസ്ജിദില്‍ താമസിക്കുകയാണ്. ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിസാമുദ്ദീന്‍ ദര്‍ഗയ്ക്കു സമീപത്തെ മസ്ജിദില്‍ ഈ മാസം 18ന് ആയിരുന്നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം. അനുമതിയില്ലാതെയാണു സമ്മേളനം നടത്തിയതെന്നാണു ഡല്‍ഹി പൊലീസ് പറയുന്നത്.
Post Your Comments