ലക്നൗ: രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ പൊതുസ്ഥലങ്ങളിൽ പരസ്യമായി ചുമച്ച് വൈറസ് പരത്തണമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച മുജീബ് മുഹമ്മദ് എന്നയാൾ വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ അനുഭാവിയാണെന്ന് പൊലീസ്.
കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇൻഫോസിസ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനാണ് മുജീബ്. സോഷ്യൽ മീഡിയയിൽ ഇയാൾ സാക്കിർ നായിക്കിന്റെ മത പ്രഭാഷണങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
കൊറോണ വൈറസ് പരത്തണമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ആഹ്വാനം നടത്തിയതിന് ഇൻഫോസിസ് ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ ഇയാൾ സ്ഥിരമായി ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് മതങ്ങൾക്കെതിരെ ഇയാൾ പ്രകോപനപരമായ പോസ്റ്റുകൾ ഇടാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.
‘പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കാതെ ചുമക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോർക്കാം’. മുജീബിന്റെ വിവാദമായ പോസ്റ്റ് ഇങ്ങനെ. നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചു. ഇയാൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ കമ്പനി കടുത്ത തീരുമാനം എടുക്കുകയായിരുന്നു.
Post Your Comments