ലക്നോ•മാരകമായ കൊറോണ വൈറസ് പകർച്ചവ്യാധിയോട് രാജ്യം പോരാടുന്ന വേളയില്‍, ജനം പുറത്തിറങ്ങാൻ മടിക്കുന്ന ഈ സമയത്ത് രാജ്യത്തെ വിവിധ സമുദായങ്ങൾക്കിടയിലെ ഐക്യത്തിന്റെ കാഴ്ചകള്‍ നിരാശകള്‍ക്കിടയിലും ഹൃദയസ്‌പർശിയാകുന്നു.
ഉത്തർപ്രദേശിലെ ബുലന്ദഷറിൽ, മരണമടഞ്ഞ ഒരാളുടെ മൃതദേഹം സംസ്കാരത്തിനായി ചിതയിലേക്ക് എടുക്കാന്‍ അധികം ബന്ധുക്കളില്ലാത്ത സാഹചര്യത്തില്‍, സമീപത്തുള്ള മുസ്ലീം യുവാക്കള്‍ സഹായ ഹസ്തവുമായി എത്തുകയായിരുന്നു.
ബുലന്ദ്‌ഷഹറിലെ ആനന്ദ് വിഹാറിൽ താമസിക്കുന്ന രവിശങ്കർ എന്ന ദരിദ്രന്‍ ശനിയാഴ്ചയാണ് മരിച്ചത്. ഇയാൾക്ക് നാലുമക്കളാണ്. രണ്ടു ആൺമക്കളിൽ ഒരാൾ അന്യനാട്ടിലാണ്.
കൊറോണ വൈറസ് മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. രവിശങ്കറിന്റെ മകൻ ബന്ധുക്കളെയും മറ്റ് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പിതാവിന്റെ മരണത്തെക്കുറിച്ച് അറിയിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാരണം അവർക്ക് വരാൻ കഴിഞ്ഞില്ല.
ഇതോടെ ഇളയമകൻ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടി. അപ്പോഴാണ് സമീപത്തെ മുസ്ലിം യുവാക്കൾ മുന്നോട്ടുവന്നത്. അവർ രവിശങ്കറിന്റെ മകനോടൊപ്പം മരിച്ചയാളുടെ മൃതശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. മൃതദേഹം ചുമലിലേറ്റി രാമനാമം ജപിച്ചാണ് ഇവർ സംസ്ക്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. . കുറ്റകൃത്യങ്ങളുടെയും വർഗീയ ഏറ്റുമുട്ടലുകളുടെയും പേരിൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ബുലന്ദ്ശഹറിൽ നിന്നാണ് ഈ കാഴ്ച എന്നതും ശ്രദ്ധേയം.
Leave a Comment