ന്യൂഡല്‍ഹി: മഹാമാരിയായ കോവിഡ് 19 ന്റെ ഇന്ത്യയിലെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിലയിരുത്തൽ. ജനുവരി 18ന് ശേഷമാണ് വിദേശ രാജ്യങ്ങളിൽ നിന്നും 15 ലക്ഷം പേര്‍ ഇന്ത്യയില്‍ എത്തിയത്.
ഇങ്ങനെ എത്തിയ എല്ലാ യാത്രക്കാരെയും കണ്ടെത്തി നിരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇവരെ പരിശോധിക്കാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയുടെ ഉത്തരവ് അനുസരിച്ച് ജനുവരി 18 മുതല്‍ ഈമാസം 23 വരെ വിദേശത്തു നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരേയും നിരീക്ഷിക്കും.
അതേസമയം, 15 ലക്ഷം യാത്രക്കാര്‍ എത്തിയതായാണ് കണക്കെങ്കിലും നിരീക്ഷണത്തിലുള്ളവര്‍ ഇത്രയില്ലെന്നു കണ്ടതിനാലാണ് ഇങ്ങനെ ഒരു ഉത്തരവിട്ടത്. ഈ അന്തരം രോഗവ്യാപനം തടയാനുള്ള ശ്രമങ്ങളെ അവതാളത്തിലാക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍ ഇത്രയില്ലെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാവുന്നതെന്ന് ഗൗബ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച പലരും വിദേശയാത്ര കഴിഞ്ഞുവന്നവരാണ്. കേന്ദ്രം നടത്തുന്ന പതിവ് ആശയവിനിമയത്തിന്റെ ഭാഗമാണിതെന്ന് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. നടപടികള്‍ അതേ ഊര്‍ജത്തോടെ തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments