തൃശൂര്‍: കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയിലും പോലീസുകാരും മറ്റും ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് അവരുടെ ജോലി കൃത്യമായാണ് ചെയ്യുന്നത്. ഞാന്‍ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ മൂന്ന് തവണ എന്നെ തടഞ്ഞിരുന്നു. ഒറ്റയ്ക്കായിരുന്നു. കാര്യങ്ങളെല്ലാം ചോദിച്ച ശേഷമാണ് എന്നെ പോകാന്‍ അനുവദിച്ചത്. ഒരു വിട്ടുവീഴ്ചയും ചെയ്‌തില്ലെന്ന് അദ്ദേഹം പറയുന്നു.
അസൗകര്യങ്ങളുടെ പേരില്‍ പോലീസിനോട് തട്ടിക്കയറുന്ന പ്രവണത ശരിയല്ല. എല്ലാവര്‍ക്കും വേണ്ടിയാണ് പോലീസ് ആളുകളെ തടയുന്നത്. അവര്‍ക്കും കുടുംബവും കുട്ടികളുമെല്ലാം ഉണ്ട്. അതൊക്കെ വിട്ടിട്ടാണ് അവരിപ്പോള്‍ നമുക്കു വേണ്ടി ജോലി ചെയ്യുന്നത്. അവരും മനുഷ്യരല്ലേ? ഈ വെയിലത്ത് നില്‍ക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമല്ലെന്നും വിജയൻ വ്യക്തമാക്കുന്നു.
Post Your Comments