ചണ്ഡിഗഡ്/ഷിംല• വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ മദ്യ വില്പന താല്‍കാലികമായി നിര്‍ത്തി വ്യക്കാന്‍ ഹരിയാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാർ തീരുമാനിച്ചു.
കൊറോണ വൈറസിന്റെ വ്യാപനം തടയനായി മാർച്ച് 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഹരിയാനയിലും ഹിമാചൽ പ്രദേശിലും ഉടനീളം പാൽ വെൻഡിംഗ് ഷോപ്പുകളേക്കാൾ കൂടുതല്‍ മദ്യവിൽപ്പന ശാലകൾ തുറന്ന് പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ഏപ്രിൽ 14 വരെ എല്ലാ മദ്യക്കടകളും അടച്ചുപൂട്ടുമെന്ന് ഹരിയാനയിൽ മനോഹർ ലാൽ ഖട്ടര്‍ സർക്കാർ അറിയിച്ചു. അതുപോലെ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ പൊതു വിമർശനം കണക്കിലെടുത്ത് എല്ലാ മദ്യക്കടകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി സമ്മതിച്ചു.
കർഫ്യൂ സമയത്ത് സംസ്ഥാന വ്യാപകമായി മദ്യവിൽപ്പനകൾ അടച്ചിടുമെന്ന് താക്കൂർ ട്വീറ്റ് ചെയ്തു.
കർഫ്യൂ ഇളവ് സമയത്ത് സംസ്ഥാനത്ത് മദ്യവിൽപ്പനശാലകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ജയ് റാം താക്കൂർ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈന്‍, മദ്യം, കീടനാശിനി മുതലായവ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ റിച്ച വർമ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. ഇവയെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവിറക്കിയത്.
മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടാനുള്ള നീക്കമില്ല എന്നാണ് ലോക്ക്ഡൗണ്‍ സമയത്ത് മദ്യവിൽപ്പനശാലകൾക്ക് പുറത്ത് കാണുന്ന വലിയ തിരക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബിജെപി-ജെജെപി ഭരണകൂടം മദ്യവിൽപ്പനശാലകൾ തുറന്നിടുന്നത്തിനെതിരെ കോൺഗ്രസ് നേതാവും ഹരിയാന മുൻ മന്ത്രിയുമായ രൺദീപ് സുർജേവാല രംഗത്തെത്തിയിരുന്നു.
“ദാവ (മരുന്ന്) എന്നതിനുപകരം സർക്കാർ ദാരു (മദ്യം) പ്രോത്സാഹിപ്പിക്കുകയാണ്. ഇത് വളരെ നിർഭാഗ്യകരമാണ്,”- സുർജേവാല പ്രസ്താവനയിൽ പറഞ്ഞു.
രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ലോക്ക്ഡൗണിലേക്ക് പോയ സംസ്ഥാനങ്ങളാണ് ബി.ജെ.പി ഭരിക്കുന്ന ഹരിയാനയും ഹിമാചൽ പ്രദേശും.
Post Your Comments