
ന്യൂഡല്‍ഹി: കോവിഡ് ആശങ്കയിലാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ നിന്ന് അഞ്ചു ദിവസത്തിന് ശേഷം ഇന്ത്യയിലെത്തിയവരുടെ കണക്കുകൾ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പുറത്തു വിട്ടു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് മാര്‍ച്ച് 21നുശേഷം ഇന്ത്യയിലെത്തിയത് 64,000ത്തോളം പേരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇങ്ങനെ വന്നവരിൽ 8000ത്തോളം പേരെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. 56,000ത്തോളം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കോവിഡ് – 19 സംബന്ധിച്ച കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
നമ്മെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. പകര്‍ച്ചവ്യാധിക്ക് എതിരെയാണ് നാം പോരാട്ടം നടത്തുന്നത്. സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും ജനങ്ങള്‍ കൃത്യമായി പലിക്കണം. അല്ലാത്തപക്ഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരമുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരും.
കോവിഡ് വ്യാപനം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്‍തുണ നല്‍കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ മന്ത്രിതല സമിതി ചര്‍ച്ച ചെയ്തു. ലോക്ക് ഡൗണിനിടെ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് സമിതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Post Your Comments