ദുബായ് : കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി പൊതുഗതാഗതം യുഎഇ താൽക്കാലികമായി നിർത്തി വെക്കാനൊരുങ്ങുന്നു . ദുബായ് മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സേവനങ്ങൾ വ്യാഴാഴ്ച രാത്രി എട്ടു മുതൽ ഞായറാഴ്ച രാവിലെ ആറു വരെ ലഭ്യമാകില്ല. മെട്രോ സ്റ്റേഷനുകൾ, ബസുകൾ തുടങ്ങിയവ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം ഭക്ഷണശാലകൾ, ഗ്രോസറി, സൂപ്പർമാർക്കറ്റ്, ഫാർമസി എന്നിവയുടെ പ്രവർത്തനത്തിനു തടസമുണ്ടാകില്ല. ഭക്ഷണം, മരുന്ന്, അത്യാവശ്യ ജോലികൾ എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം പുറത്തേക്കിറങ്ങരുതെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകിയിരിക്കുന്നത്.
രാജ്യത്ത് 85 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. യു.എ.ഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി നടത്തിയ മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിച്ചവരുടെ എണ്ണം 333 ആയി. പുതിയ കേസുകളിൽ 7 യു.എ.ഇ പൗരന്മാരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. രോഗം ഭേദമായതിനെ തുടർന്ന് 7 പേർ ആശുപത്രി വിട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ഭേദപ്പെട്ട കേസുകളുടെ എണ്ണം 52 ആയി. കൊറോണ വൈറസിന്റെ 50 പുതിയ കേസുകളും നാല് പേരുടെ ഭേദപ്പെടലും ചൊവ്വാഴ്ച മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
രോഗബാധിതരായ ഭൂരിഭാഗം ആളുകളും 20 നും 44 നും ഇടയിൽ പ്രായമുള്ളവരാണ്. ആളുകള്‍ വീട്ടിൽ താമസിക്കണമെന്നും ആവശ്യങ്ങൾക്ക് ഒഴികെ പുറത്തു പോകരുതെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി അവര്‍ പറഞ്ഞു. വ്യക്തമായ ഫലങ്ങളിൽ എത്തിച്ചേരാനും രോഗബാധിതരുടെ എണ്ണം കുറയാനും തങ്ങൾക്ക് കുറച്ച് സമയം വേണ്ടി വന്നേക്കാം. സർക്കാർ അംഗീകാരമുള്ള ടെസ്റ്റുകള്‍ക്കായി കാത്തിരിക്കണമെന്നും വാണിജ്യപരമായി പരസ്യം ചെയ്യുന്ന ടെസ്റ്റുകളൊന്നും അവലംബിക്കരുതെന്നും അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സാനിറ്റൈസറുകള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ ചേരുവ പരിശോധിക്കണമെന്നും അവര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഫലപ്രദമാകാൻ കുറഞ്ഞത് 60 ശതമാനത്തിലധികം ആള്‍ക്കഹോള്‍ ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു.
Post Your Comments