മധുര: തമിഴ്‌നാട്ടില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിൽ മരണസംഖ്യ 12 ആയി. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്കു രോഗം പകര്‍ന്നത് എങ്ങനെ എന്ന് സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല. വലിയ ആശങ്കയുണര്‍ത്തി രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുകയാണ്.
ഇന്നലത്തെ രണ്ട് മരണങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധിച്ചുള്ള മരണം 12 ആയി. ഇതുവരെ 562 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ ആകെ 48 പേരാണ് രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടത്. അതേസമയം, കൊവിഡ് 19-ന്റെ വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചു.
21 ദിവസത്തേക്കാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത് – മോദി പറഞ്ഞു.ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല. ഇത് മെഡിക്കല്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയതാണ്. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ.
Post Your Comments