ചെന്നൈ: കോവിഡ് വ്യാപനം നേരിടുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. എല്ലാ റേഷൻ കാർഡുടമകൾക്കും ആയിരം രൂപ വച്ച് നൽകാൻ സർക്കാർ തീരുമാനിച്ചു. അരിയും പലവ്യഞ്ജനങ്ങളും സൗജന്യമായി നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സർക്കാർ തീരുമാനം അറിയിച്ചത്.
ഭക്ഷ്യ സാധനങ്ങൾ ടോക്കൺ അടിസ്ഥാനത്തിലാകും വിതരണം ചെയ്യുക. തിരക്കൊഴിവാക്കാൻ വേണ്ടിയാണിത്. മാർച്ചിൽ ലഭിക്കാത്തവർക്ക് ഏപ്രിലിൽ ലഭിക്കുന്ന രീതിയിലാകും സംവിധാനമൊരുക്കുക എന്നും എടപ്പാടി പളനി സ്വാമി അറിയിച്ചു.
തമിഴ്നാട്ടിൽ ഇതുവരെ പന്ത്രണ്ട് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ മാസം 31 വരെയാണ് സംസ്ഥാനം സമ്പൂർണമായി അടച്ചിടുക.എല്ലാ ജില്ലാതിർത്തികളും അടച്ചിടും. അവശ്യ സാധനങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾ മാത്രമേ കടത്തി വിടൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments