KeralaLatest NewsNews

നിരോധനാജ്ഞ ലംഘിക്കുന്നവരെ പിടികൂടാന്‍ കളക്ടര്‍ നേരിട്ടിറങ്ങി

കാസര്‍ഗോഡ്‌ • കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 17 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച സി ആര്‍ പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ ശക്തമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.സി.സജിത് ബാബു നേരിട്ടിറങ്ങി. ജില്ലയിലേര്‍പ്പെടുത്തി നിരോധനാജ്ഞ ലംഘിക്കുന്നവരെ പിടികൂടാന്‍ ജില്ലാ കളക്ടറും പോലീസും രാവിലെ മുതല്‍ സജീവമായിരുന്നു. ആവശ്യമില്ലാതെ പൊതുനിരത്തിലിറങ്ങിയവരെയും നിയന്ത്രണം ലംഘിച്ച് തുറന്ന കടകള്‍ക്കെതിരെയും ജില്ലാ കളക്ടര്‍ ഡോ.സി.സജിത് ബാബു നടപടിയെടുത്തു.

നിരോധനാജ്ഞ ശക്തമായി നടപ്പിലാക്കി വരികയാണെന്നും യാതൊരു കാരണവശാലും ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന അവശ്യസാധന കടകളിലും ആളുകള്‍ കൂട്ടം കൂടരുത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വ്യക്തികള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം.പുതിയ ബസ്റ്റാന്റ് പരിസരത്ത് കൂട്ടം ചേര്‍ന്നവരെ പോലീസ് വിരട്ടിയോടിച്ചു.

അവശ്യസാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കളക്ടര്‍ പറഞ്ഞു. കടകള്‍ക്കുള്ളിലോ പുറത്തോ നില്‍ക്കുന്നവര്‍ സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പൊതു സ്വകാര്യ ഇടങ്ങളില്‍ ഇറങ്ങി നടന്നാല്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button