ശ്രീനഗർ : കൊവിഡ് 19 ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിയന്ത്രണങ്ങൾ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീർ മാർച്ച് 31 വരെ പൂർണമായും അടച്ചിടുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചു. മൂന്നിലധികം ആളുകളുടെ പൊതുസമ്മേളനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയെന്നും ആവശ്യവസ്തുകളുടെ നീക്കത്തെ നിയന്ത്രണം ബാധിക്കില്ലെന്നും രോഹിത് വ്യക്തമാക്കി. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലുങ്കാന, ഡൽഹി സംസ്ഥാനങ്ങൾ പൂർണമായും അടച്ചിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. കൊറോണ ബാധ രൂക്ഷമായുള്ള രാജ്യത്തെ 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14600 കവിഞ്ഞു. ഇതുവരെ 3,35,403 ആളുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ദിനം പ്രതി സ്ഥിതിഗതികള്‍ വഷളാകുകയാണ്. ഒറ്റ ദിവസം മാത്രം 651 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. ഒറ്റ ദിവസം കൊണ്ട് ഇവിടെ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കൊവിഡ് ബാധ കണ്ടെത്തിയ ഡോക്ടറുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. വരും ദിവസങ്ങളില്‍ വീടിനുള്ളില്‍ ഇരുന്നാകും അംഗല മെര്‍ക്കല്‍ ജോലി ചെയ്യുകയെന്നും എല്ലാ ദിവസവും ഇവരെ പരിശോധനക്ക് വിധേയയാക്കുമെന്നും ചാന്‍സിലറിന്റെ വക്താവ് അറിയിച്ചു. ഫ്രാന്‍സില്‍ മരണസംഖ്യ 600 കടന്നു. അമേരിക്കയില്‍ മരണ സംഖ്യ 400 ഉം കവിഞ്ഞു.
Post Your Comments