USALatest NewsNewsInternational

അമേരിക്കയില്‍ 30,000 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കൊറോണ വൈറസിനായി 254,000 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും, കിട്ടിയ ഫലങ്ങളനുസരിച്ച് 30,000ത്തിലധികം പേര്‍ക്ക് വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ഞായറാഴ്ച പറഞ്ഞു.

ടെസ്റ്റുകളുടെ ബാക്ക്‌ലോഗ് ആഴ്ചാവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സില്‍ അദ്ദേഹം പറഞ്ഞു.

എല്ലാ ലാബുകളിലും ആശുപത്രികളിലും രോഗികളുടെ പരിശോധനയ്ക്ക് മുന്‍‌ഗണന നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍‌വ്വീസസിന്റെ ഔദ്യോഗിക മാര്‍ഗനിര്‍ദേശം തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധനയ്ക്ക് വിധേയരാക്കരുതെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ആരോഗ്യ സം‌രക്ഷണ പ്രവര്‍ത്തകരുടെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് അതിന് കാരണമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.

നാടുകടത്തപ്പെടുമെന്ന ഭയമില്ലാതെ, അനധികൃതമായി യു എസില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ടെസ്റ്റിംഗ് സൈറ്റുകളില്‍ പോകാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ‘കസ്റ്റംസ്, ബോര്‍ഡര്‍ പട്രോളിംഗ് എന്നിവ അത്തരത്തിലുള്ള നീക്കം നടത്തുകയില്ലെന്നും, അടിയന്തിര നിരീക്ഷണ കേന്ദ്രങ്ങളെയോ ക്ലിനിക്കുകളെയോ ലക്ഷ്യമിടുന്നില്ലെന്നും പെന്‍സ് പറഞ്ഞു. അത്തരത്തിലുള്ള ‘പ്രത്യേക സാഹചര്യങ്ങളില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇമിഗ്രേഷന്‍ സ്റ്റാറ്റസ് നോക്കാതെ തന്നെ ഒരു വ്യക്തിയെ പരിശോധിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാല്‍തന്നെ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്,’ എന്ന് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.

‘നിങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് വൈറസിന് അറിയേണ്ട ആവശ്യമില്ല,’ യുഎസ് സര്‍ജന്‍ ജനറല്‍ ഡോ. ജെറോം ആഡംസ് പറഞ്ഞു. അതുകൊണ്ടുതന്നെ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സം‌രക്ഷണ പ്രവര്‍ത്തകരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമ നിര്‍വ്വഹണത്തിലെ ഒരു അംഗത്തിന് കൊറോണ വൈറസ് ബാധിച്ചാല്‍ അവര്‍ക്ക് മാസ്ക് ധരിച്ച് ജോലിയില്‍ പ്രവേശിക്കാമോ എന്ന് സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് എന്നിവര്‍ തിങ്കളാഴ്ച മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് മൈക്ക് പെന്‍സ് പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button