ന്യൂഡൽഹി: കൊവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരണ സംഖ്യ നാലായി. ജര്‍മനിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് ഇന്ന് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.അല്‍പസമയം മുന്‍പാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.
ജര്‍മനിയില്‍ നിന്ന് ഇറ്റലി വഴി മാര്‍ച്ച് ഏഴിനാണ് ഇയാള്‍ എത്തിയത്. അന്നുതന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രക്തസമ്മര്‍ദം, പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. കൊറോണ ബാധിച്ച് രാജ്യത്ത് ആദ്യം മരിച്ചത് കര്‍ണാടക സ്വദേശിയായിരുന്നു. പിന്നീട് ഡല്‍ഹി സ്വദേശിയും മഹാരാഷ്ട്ര സ്വദേശിയും മരിച്ചു. രോഗം പടരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്.
അതേസമയം, കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ ടിക്കറ്റ് നിരക്കുകളിലെ ഇളവുകള്‍ റദ്ദാക്കി. ജനങ്ങളുടെ അനാവശ്യ യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്‍, കര്‍ഷകര്‍, പട്ടാളക്കാരുടെ വിധവകള്‍, വിഐപികള്‍, ഡെലിഗേറ്റ്‌സ് എന്നീ വിഭാഗത്തില്‍പ്പെടുന്നവരുടെ യാത്രാ നിരക്കിലെ ഇളവുകളാണ് റദ്ദാക്കിയത്.
എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്കും അംഗപരിമിതര്‍ക്കും രോഗികള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകള്‍ തുടരും. അതേസമയം, മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന പക്ഷം മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലേത് ഉള്‍പ്പെടെ 239 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
Post Your Comments