KeralaLatest NewsNews

കോവിഡ്-19 ….കേരളം ഏറ്റവും നിര്‍ണായകമായ മൂന്നാംഘട്ടത്തിലേയ്ക്ക് : വൈറസ് എളുപ്പത്തില്‍ പകരുന്നത് ഈ ഘട്ടത്തില്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അതു ബാധിച്ചവരുടെ എണ്ണം രണ്ടക്കത്തില്‍ നില്‍ക്കുകയാണ് കേരളത്തില്‍. മൂന്നാം ഘട്ടത്തിലും വൈറസിനെ ചെറുക്കുക എന്നതാണ് കടുത്ത വെല്ലുവിളി. ഇതേക്കുറിച്ച് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ മൊളിക്യുലാര്‍ വൈറോളജി വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ.ഇ.ശ്രീകുമാര്‍ സംസാരിക്കുന്നു.

read also : ”അന്തരീക്ഷ ഊഷ്മാവ് കൂടിയ ഇടങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറവ്’ എന്ന രീതിയി പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് ഇന്‍ഫോക്ലിനിക് : ഇനിയുള്ളത് അതി നിര്‍ണായക ദിനങ്ങളാണ്

ഭീതി ഒഴിയാറായോ?

ഇനിയാണ് ഭയക്കേണ്ടത്. മറ്റു രാജ്യങ്ങളിലും ആദ്യ രണ്ട് ഘട്ടങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം കേരളത്തിന് സമാനമായിരുന്നു. മൂന്നാം ഘട്ടത്തിലാണ് വ്യാപകമായത്. അതിനാല്‍ അടുത്ത 14 ദിവസം കേരളത്തെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്.

കേരളത്തിന്റെ പ്രതിരോധം?

വ്യക്തമായ ദിശാബോധത്തോടെയാണ് മുന്നോട്ടു പോകുന്നത്. മാര്‍ച്ച് 31വരെ കനത്ത ജാഗ്രത അനിവാര്യമാണ്. ചൈനയും യൂറോപ്പും ഇറ്റലിയും മറ്റും തുടക്കത്തില്‍ കൊറോണയെ നിസാരമായി കണ്ടു. അതാണ് വലിയ ദുരന്തത്തിന് കാരണമായത്. നമ്മള്‍ അങ്ങനെയല്ല, ചെറിയ പാളിച്ചകള്‍ തിരുത്തണം.

നിരീക്ഷണം എത്രനാള്‍ ?

പൂര്‍ണമായി വൈറസ് വ്യാപനം തടയാനാവില്ല. അതിന് ലോകരാജ്യങ്ങള്‍ എല്ലാം കൊറോണയെ ഇല്ലാതാക്കണം.

നമ്മുടെ മുന്നിലുള്ള വഴി ഒന്നും രണ്ടും ഘട്ടങ്ങളിലായി വൈറസിനെ ചെറുക്കുക എന്നതാണ്. എത്ര നാള്‍ തുടരണമെന്ന് ഇപ്പോള്‍ പറയാനാവില്ല. മുന്‍കരുതലുകള്‍ നിര്‍ബന്ധമായും പാലിക്കണം.

രോഗബാധ, ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ ?

ചുമയ്ക്കുമ്‌ബോഴോ തുമ്മുമ്‌ബോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങളിലാണ് രോഗാണുക്കളുള്ളത്. തൂവാല കര്‍ശനമായി ഉപയോഗിക്കണം. ചുമയ്ക്കുകയും തുമ്മുകയും ചെയ്ത ആളിന്റെ കൈയില്‍ സ്രവങ്ങള്‍ പറ്റും. ആ കൈ സ്പര്‍ശിക്കുന്നിടത്തെല്ലാം സ്രവങ്ങള്‍ പടരും. മറ്റൊരാള്‍ അതില്‍ സ്പര്‍ശിക്കുന്നതോടെ വൈറസ് പകരും.

അതുകൊണ്ടാണ് ബ്രേക് ദ ചെയിന്‍ ബോധവത്കരണത്തിന് പ്രസക്തിയേറുന്നത്. കൈകള്‍ കഴുകിയേ മതിയാകൂ. പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍, ഓഫീസുകളില്‍ എത്തുന്നവരെല്ലാം കൈ കഴുകാതെ മുഖത്ത് സ്പര്‍ശിക്കരുത്.

ചെറിയ പനിയും കഫമില്ലാത്ത ചുമയുമാണ് ലക്ഷണം. തൊണ്ടയ്ക്ക് അസ്വസ്ഥത അനുഭവപ്പെടും. വൈറസ് ശക്തമായാല്‍ ശ്വാസതടസം ഉണ്ടാകും. മൂക്കൊലിപ്പും തുമ്മലും കൊറോണയുടെ ലക്ഷണങ്ങള്‍ അല്ല.

ലക്ഷണങ്ങള്‍ കുറവായതിനാല്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകും. ഇത് പകര്‍ച്ച വേഗത്തിലാക്കും.

കൂടുതല്‍ അപകടകാരി നിപ്പയോ കൊറോണയോ ?

നിപ്പയുടെ മരണസാദ്ധ്യത 90 ശതമാനമാണെങ്കില്‍ കൊറോണയ്ക്ക് രണ്ട് ശതമാനമാണ്. നിപ്പ കുറച്ച് ആളുകളില്‍ മാത്രം എത്തുമ്‌ബോള്‍ കൊറോണ അതിവേഗം പടരും. നിപ്പയുടെ ഉറവിടം വ്യക്തമായിരുന്നു. കൊറോണ എവിടെ നിന്ന് വരുമെന്ന് പറയാന്‍ പറ്റില്ല.

പ്രായമായവരെയും മറ്റുരോഗങ്ങളുള്ളവരെയും കൊറോണ ബാധിച്ചാല്‍ വേഗത്തില്‍ ന്യൂമോണിയയായി മാറും. അത് മരണത്തിന് കാരണമാകും. ചെറുപ്പക്കാരിലും കുട്ടികളിലും വൈറസ് ബാധയുണ്ടായാലും ദോഷം ചെയ്യില്ല. പക്ഷേ, നമ്മുടെ ആരോഗ്യസംവിധാനത്തിന് താങ്ങാന്‍ കഴിയുന്നതിനപ്പുറം വൈറസ് ബാധിതര്‍ ഉണ്ടായാല്‍ യഥാസമയം ചികിത്സ നല്‍കാന്‍ കഴിയാതെവരും.

മരുന്ന്, ചികിത്സ, ഗവേഷണം?

നിലവില്‍ മരുന്നും വാക്‌സിനും ഇല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള മരുന്ന് നല്‍കുകയാണ് ഏകമാര്‍ഗം. സ്വയം ചികിത്സ പാടില്ല.

ഗവേഷണം ചൈനയില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്ഥാപനങ്ങള്‍ അതിനുള്ള തയ്യാറെടുപ്പിലാണ്. രാജീവ് ഗാന്ധി സെന്ററും അതിന്റെ പാതയിലാണ്. ഗവേഷണത്തിന് ബയോസേഫ്റ്റി ലെവല്‍-3 ലാബ് സജ്ജമാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. വൈറസ് പരിശോധനയ്ക്കുള്ള സൗകര്യം രാജീവ് ഗാന്ധി സെന്ററിലുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അത് തുടങ്ങും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button