കൊച്ചി: കോവിഡ് വാർത്താ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് മാധ്യമപ്രവർത്തകരെ പൊലീസ് ഭീഷണിപ്പെടുത്തി. കളമശേരി മെഡിക്കൽ കോളജിൽ നിന്നുള്ള വാർത്തകൾ നൽകിയതിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ജന്മഭൂമി ലേഖകന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വാർത്താ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് മറ്റു മാധ്യമങ്ങളുടെ ലേഖകരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്നയാൾ കഴിഞ്ഞ രണ്ടിന് മെഡിക്കൽ കോളജിൽനിന്ന് ചാടിപ്പോയി, കോവിഡ് സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി ഇടപെട്ട ഡോക്ടർ നിരീക്ഷണത്തിൽ തുടങ്ങിയ വാർത്തകൾ റിപ്പോർട്ടു ചെയ്തതിന്റെ പേരിലാണ് നടപടി. കോളജ് പ്രിൻസിപ്പലും ആർഎംഒയുമാണ് കേസിലെ പരാതിക്കാർ എന്നാണ് സൂചന. അതേസമയം, ആരാണു പരാതിക്കാരെന്നു വെളിപ്പെടുത്താൻ പൊലീസും തയാറായിട്ടില്ല. മുകളിൽനിന്ന് സമ്മർദമുള്ളതിനാൽ അറസ്റ്റ് വേണ്ടി വരുമെന്ന് കളമശേരി സിഐ എംഎൽഎയെ അറിയിച്ചിട്ടുണ്ട്.
എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ രണ്ടാം തീയതി കോവിഡ് സംശയിച്ച് നിരീക്ഷണത്തിലിരുന്ന വ്യക്തി ചാടിപ്പോയെന്നു ചൂണ്ടിക്കാട്ടി കലക്ടർക്കും പൊലീസിനും കത്തു നൽകിയിരുന്നു. ഇത് മാധ്യമപ്രവർത്തകർക്ക് ചോർന്നു കിട്ടിയതോടെ വാർത്ത പുറത്തു വന്നു. എന്നാൽ ഇങ്ങനെ ഒരു സംഭവമില്ലെന്നു കാണിച്ച് പ്രിൻസിപ്പൽ പിആർഡി വഴി അറിയിപ്പു നൽകി. മെഡിക്കൽ ഓഫിസറുടെ കത്ത് വ്യാജമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ജില്ലാ ഭരണകൂടം ഉൾപ്പെടെ ശ്രമിച്ചത്. അതേസമയം കത്തു നൽകിയത് ഡിഎംഒ നിഷേധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഈ കത്ത് പുറത്തു വന്നതെങ്ങനെ എന്നറിയാനാണ് മെഡിക്കൽ കോളജ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് വ്യക്തമാകുന്നത്
മെഡിക്കൽ കോളജിൽ കോവിഡ് 19 രോഗവുമായി എത്തിയ പിഞ്ചുകുഞ്ഞിന്റെ മാതാപിതാക്കളുമായി ഇടപഴകിയ ഡോക്ടറും നഴ്സും ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിലായെന്ന വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിലുള്ളവർ തന്നെ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. ഇത് സ്ഥിരീകരിക്കാൻ കലക്ടർ ഉൾപ്പടെ ആരും തയാറായിരുന്നില്ല.
കലക്ടർ പത്രസമ്മേളനങ്ങളിൽ ഈ വിവരം വെളിപ്പെടുത്തിയില്ലെന്നു മാത്രമല്ല, ഇതു സംബന്ധിച്ച ചോദ്യത്തിന് ആശുപത്രി അധികൃതരോ ഡിഎംഒയോ മറുപടി നൽകുകയും ചെയ്തില്ല. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം മന്ത്രി വി.എസ്. സുനിൽകുമാറിനോട് പത്രസമ്മേളനത്തിനിടെ ഈ വിവരം മാധ്യമപ്രവർത്തകരിൽ ഒരാൾ ചോദിച്ചതും മന്ത്രി ശരിയാണെന്നു സമ്മതിച്ചതും. ഇത് സംഭവിച്ചിട്ട് പത്തു ദിവസമെങ്കിലും ആയെന്നും നിങ്ങൾ അറിയാൻ വൈകിയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, ഇതേ വിവരം നിഷേധിച്ചുകൊണ്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പിആർഡി വഴി അറിയിപ്പു നൽകിയിരുന്നു. രോഗിയുമായി ഇടപഴകിയ ഡോക്ടർ നിരീക്ഷണത്തിൽ പോയി എന്ന വാർത്ത വസ്തുതാ വിരുദ്ധമാണ് എന്നായിരുന്നു അറിയിപ്പ്. പ്രിൻസിപ്പലിന്റെ നിഷേധക്കുറിപ്പിൽ തെറ്റു പറയാനാവില്ല. പിന്നീട് മന്ത്രി പറഞ്ഞതനുസരിച്ച്, രോഗിയുമായല്ല, രോഗിയുടെ ബന്ധുവുമായാണ് നിരീക്ഷണത്തിലായ ഡോക്ടറും നഴ്സും ഇടപഴകിയത്. ഇത്തരത്തിൽ മെഡിക്കൽ കോളജിലെ ജീവനക്കാരും സമീപവാസികളും ഉൾപ്പെടെ നാൽപതോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങൾക്കു ലഭിച്ച വിവരം.
Post Your Comments